'ക്യാപ്റ്റനാകാന്‍ അവനാണ് ബെസ്റ്റ്', അഭിപ്രായം അറിയിച്ച് സെവാഗ്

വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ആരെത്തുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തന്റെ അഭിപ്രായം തുറന്നു പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിക്കായി പല മത്സരാര്‍ത്ഥികള്‍ ഉണ്ടെന്ന് അറിയാം. എന്നാല്‍ രോഹിതാണ് ആ സ്ഥാനത്തിന് യോഗ്യനായയാള്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്- സെവാഗ് പറഞ്ഞു.

അഞ്ച് ട്രോഫികളാണ് മുംബൈക്ക് രോഹിത് നേടിക്കൊടുത്തത്. അതിനാല്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ രോഹിതായിരിക്കണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായക പദത്തില്‍ രോഹിതിന് പുറമെ കെ.എല്‍. രാഹുലിന്റെയും ഋഷഭ് പന്തിന്റെയുമെല്ലാം പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ നിയുക്ത ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, രോഹിതിനെയാണ് പിന്തുണയ്ക്കുന്നത്. അതിനാല്‍ രോഹിതിന് നറുക്ക് വീഴാനാണ് സാധ്യത.