ഏകദിന ലോകകപ്പ്: 'തോറ്റത് ലോകത്തിലെ ഏറ്റവും മികച്ച ടീമിനോട്, പുറത്തെടുത്തത് അവരുടെ ഏറ്റവും മികച്ച കളി'; ഇന്ത്യയെ നെഞ്ചോട് ചേര്‍ത്ത് വില്യംസണ്‍

ഏകദിന ലോകകപ്പിന്റെ സെമിയില്‍ ബ്ലാക്ക് ക്യാപ്‌സിനെ 70 റണ്‍സിന് തോല്‍പ്പിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മുഹമ്മദ് ഷമിയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ഉച്ചകോടിയിലെത്തിയത്. ടൂര്‍ണമെന്റിലുടനീളമുള്ള ഇന്ത്യ ടീമിന്റെ മിടുക്കിനെക്കുറിച്ച് പറയുമ്പോള്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിനെ പ്രശംസിക്കുകയും ലോകത്തിലെ ഏറ്റവും മികച്ച ടീമായി അവരെ മുദ്രകുത്തുകയും ചെയ്തു.

വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ത്യ അത്ഭുതകരമായ രീതിയില്‍ ആണ് ഇപ്പോള്‍ കളിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഉടനീളം അവര്‍ നന്നായി കളിച്ചു. ഇന്നാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം വന്നത്.

ഇന്ത്യയോട് ഇന്ന് പൊരുതാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ഇന്ത്യക്ക് ടോപ് ക്ലാസ് ടീമാണ് ഉള്ളത്. അവര്‍ക്ക് ലോകോത്തര താരങ്ങള്‍ ഉണ്ട്. ആദ്യം ബാറ്റു ചെയ്തിരുന്നു എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലായിരുന്നു.

എല്ലാ മേഖലയിലും ഇന്ത്യ ഞങ്ങളെക്കാള്‍ മികച്ചു നിന്നു. ഇന്ത്യയില്‍ ഒരു ലോകകപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. ഇത് ഒരു മികച്ച ടൂര്‍ണമെന്റ് ആയിരുന്നു- മത്സര ശേഷം കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.