40 രൂപയുടെ മരുന്നിനായി 70 കിലോമീറ്റർ യാത്ര, ധോണി നാട്ടുവൈദ്യന്റെ ചികിത്സയില്‍

ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണി കാല്‍മുട്ട് വേദനയെ തുടര്‍ന്ന് റാഞ്ചിലെ ആയുര്‍വേദ വൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. തന്റെ നാടായ റാഞ്ചിയിലെ വന്ദന്‍ സിംഗ് എന്ന പ്രമുഖ വൈദ്യന്റെ പക്കലാണ് ധോണി ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗികള്‍ക്കു നല്‍കുന്ന വന്ദന്‍ സിംഗിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്. ധോണിയുടെ മാതാപിതാക്കള്‍ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദര്‍ശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നെന്നുമാണ് വിവരം.

ധോണി തന്റെ അടുക്കല്‍ എത്തിയതിനെക്കുറിച്ച് വൈദ്യന്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യന്‍ വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസമായി നാല് ദിവസം കൂടുമ്പോള്‍ ധോണി തന്റെ അടുക്കല്‍ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോള്‍ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യന്‍ പറഞ്ഞു.