ക്ലബ് ലോകകപ്പിൽ പിഎസ്ജിയോട് നാല് ഗോളിന്റെ തോൽവി വഴങ്ങിയാണ് ഇന്റർ മയാമി ടൂർണമെന്റിൽ നിന്നും പുറത്തായത്. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ വഴങ്ങിയ മയാമി ടീമിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. കളിയിലുടനീളം പിഎസ്ജി ടീമിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഇന്റർ മയാമിയുടെ ഗോൾ പോസ്റ്റിലേക്ക് നിരന്തരം പിഎസ്ജി താരങ്ങൾ നീക്കങ്ങൾ നടത്തി. രണ്ടാം പകുതിയിൽ മെസിയും സുവാരസും തിരിച്ചടിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പിഎസ്ജി താരങ്ങൾ തടയുകയായിരുന്നു.
രണ്ടാം പകുതിയിൽ ലഭിച്ച ഒരു പ്രീകിക്ക് മെസിക്ക് ലക്ഷ്യം കാണാനാവാതെ പോയി. ഇതോടെ ക്ലബ് ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ഒരു റെക്കോഡ് മെസിക്ക് മറികടക്കാനായില്ല. ക്ലബ്ബ് ലോകകപ്പ് പുതിയ എഡിഷനിൽ പന്ത് തട്ടുന്നില്ലെങ്കിലും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ്.
Read more
ഏഴ് ഗോളുകളാണ് സൂപ്പർ താരത്തിന്റെ പേരിലുളളത്. ആറ് ഗോളുകളുമായി നാല് താരങ്ങളാണ് റൊണാൾഡോയ്ക്ക് തൊട്ടുപിന്നിലായുളളത്. മെസ്സി, കരീം ബെൻസേമ, ഗാരെത് ബെയിൽ, ലൂയിസ് സുവാരസ് എന്നിവരാണ് ആറു ഗോളുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ക്ലബ് ലോകകപ്പ് ചരിത്രത്തിൽ അഞ്ച് ഗോളുകൾ ബാഴ്‌സലോണയ്ക്കായും ഒരു ഗോൾ ഇന്റർ മയാമി ജേഴ്‌സിയിലുമാണ് മെസി നേടിയത്. ഇത്തവണ എഫ്സി പോർട്ടോയ്ക്കെതിരെ മാത്രമാണ് മെസി ഗോൾ നേടിയത്. സൂപ്പർതാരം നേടിയ മനോഹര ഫ്രീകിക്ക് ഗോൾ വാർത്തകളിൽ നിറഞ്ഞിരുന്നു.