ടീമില്‍ ധാരാളം ഓപ്പണര്‍മാര്‍ ഉള്ളപ്പോള്‍ ഇത് വേണമായിരുന്നോ? ടീം ഇന്ത്യയുടെ നായകസ്ഥാനം രാഹുലിന് പറ്റിയ പണിയല്ല

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ടപ്പോള്‍  കെ.എല്‍. രാഹുലിന്റ നായകമികവിനെ വിമര്‍ശിച്ച് ആരാധകര്‍. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ മോശം പ്രകടനമാണ് ഫീല്‍ഡില്‍ ഉണ്ടായതെന്നും ഓ്പ്പണറായി അദ്ദേഹം ഇറങ്ങേണ്ട കാര്യമില്ലായിരുന്നെന്നുമാണ് വിമര്‍ശനം.

ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍മാര്‍ ധാരാളം ഉണ്ടെന്നിരിക്കെ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തതിനാണ് ഏറ്റവും വിമര്‍ശനം. മത്സരത്തിലെ പ്രധാന പ്രശ്‌നം വീണുപോയ മദ്ധ്യനിരയായിരുന്നു. രാഹുല്‍ മദ്ധ്യനിരയില്‍ ഇറങ്ങിയിരുന്നെങ്കില്‍ താരത്തിന്റെയും ടീമിന്റെയും ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

വിരാട് കോഹ്ലിയും ശിഖര്‍ധവാനും ചേര്‍ന്ന് ടീമിന് മികച്ച ഇന്നിംഗ്‌സ് കെട്ടിപ്പൊക്കിയിട്ടും മദ്ധ്യനിര തകര്‍ന്നതായിരുന്നു ടീമിന്റെ പരാജയത്തിലേക്ക് നയിച്ചത്. കാര്യമായ മത്സരപരിചയ മില്ലാത്തവര്‍ മദ്ധ്യനിരയില്‍ വരുമ്പോള്‍ അതില്‍ നായക മികവായിരുന്നു വേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏകദിനത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓപ്പണറായി കളത്തിലെത്തിയ രാഹുലിന് 17 പന്തുകള്‍ നേരിട്ട് 12 റണ്‍സെ എടുക്കാനായുള്ളൂ. തുടക്കം തകര്‍ന്നിട്ടും മധ്യനിരയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോര്‍ നേടിയത്. നായകന്‍ ബാവുമയും ഡുസനും സെഞ്ച്വറി നേടിയത് അവര്‍ക്ക് നേട്ടമായി. 143 പന്തില്‍ നിന്ന് 110 റണ്‍സെടുത്ത് ബവുമ പുറത്തായപ്പോള്‍ 129 റണ്‍സെടുത്ത് ഡൂസന്‍ പുറത്താകാതെ നിന്നു.