എന്റെ ആക്രമണ ബാറ്റിംഗ് ബംഗ്ലാദേശികള്‍ കാണാന്‍ പോകുന്നതേയുള്ളു; മുന്നറിയിപ്പ് നല്‍കി രാഹുല്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആക്രമണ ക്രിക്കറ്റായിരിക്കും കാഴ്ചവെക്കുക എന്ന മുന്നറിയിപ്പുമായി കെ.എല്‍ രാഹുല്‍. രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തായസാഹചര്യത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാദ്ധ്യത മുന്നില്‍ നില്‍ക്കെ ജയിച്ചേ മതിയാകൂ എന്ന മൈന്‍ഡിലാണ് ഇന്ത്യന്‍ ടീം.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ആക്രമിച്ച് കളിക്കും. ഫൈനലിലെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഓരോ ദിവസവും ഓരോ സെക്ഷനിലും എന്താണോ സാഹചര്യം അത് മനസിലാക്കി ബെസ്റ്റ് പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. യാതൊരു മുന്‍വിധികളുമില്ലാതെയാണ് പരമ്പരക്കിറങ്ങുന്നത്.

വലിയ ചരിത്രമുള്ള മൈതാനമാണിത്. ആക്രമിച്ച് കളിച്ച് മികച്ച ഫലമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസമാണ് ടെസ്റ്റ്. എന്നാല്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബംഗ്ലാദേശിനെ ഒതുക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളോടൊപ്പം ആക്രമണ ശൈലിയില്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെ നിസാരക്കാരായി കാണുന്നില്ല.

മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അവരുടെ താരങ്ങള്‍ നന്നായി തങ്ങളുടെ ജോലി ചെയ്യാന്‍ കഴിവുള്ളവരാണ്. ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്- രാഹുല്‍ പറഞ്ഞു.

Read more

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 14നാണ് ആരംഭിക്കുക. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്.