നായകനെ പുറത്താക്കി കേരളം, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

രഞ്ജി ട്രോഫിയില്‍ ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന കേരളം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയ്ക്ക് പകരം ജലജ് സക്‌സേനയാണ് ഇനിയുളള മത്സരങ്ങളില്‍ കേരളത്തെ നയിക്കുക. സച്ചിന്‍ ബേബിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം ഇത്തവണ തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. എലൈറ്റ് എബി ഗ്രൂപ്പില്‍ നിന്നും സിഡി ഗ്രൂപ്പിലേക്ക് കേരളം തരംതാഴ്ത്തപ്പെട്ടേക്കാം.

ഇത് ഒഴിവാക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്. ഇത് മറികടക്കാനാണ് ക്യാപ്റ്റനെ മാറ്റി പരീക്ഷണത്തിനൊരങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ജലജ് സക്സേന ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. ഇത്തവണ ബൗളിങ്ങില്‍ മാത്രമാണ് താരം തിളങ്ങിയത്.

ആന്ധ്രാ പ്രദേശിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെ നടക്കുന്ന മത്സരം കേരളത്തിന് നിര്‍ണായകമാണ്.

ആന്ധ്രയ്ക്കെതിരായ പതിനഞ്ചംഗ ടീം: ജലജ് സക്സേന (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റോബിന്‍ ഉത്തപ്പ, പി.രാഹുല്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ പ്രേം, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അഭിഷേക് മോഹന്‍, കെ.സി. അക്ഷയ്, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, എസ്.മിഥുന്‍