രാജസ്ഥാനിലും ‘തല’മാറുമോ?; അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി റോയല്‍സ്

Advertisement

ഐ.പി.എല്ലില്‍ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല രാജസ്ഥാന്‍ റോയല്‍സ് കടന്നു പോകുന്നത്. സീസണ്‍ നന്നായി തുടങ്ങി എങ്കിലും പിന്നീട് പരാജയങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ പിന്നീട് നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. ഒടുവില്‍ ഹൈദരാബാദിനോട് ജയിച്ച് പ്രതീക്ഷ കാത്ത റോയല്‍സിന് അടുത്ത കളിയില്‍ വീണ്ടും തോല്‍വിയായിരുന്നു.

അതിനിടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സ്റ്റീവ് സ്മിത്തിനെ മാറ്റി പകരം ജോസ് ബട്‌ലറിനെ നായകനാക്കുകയാണെന്ന് അഭ്യൂഹങ്ങളും പരന്നു. ബട്‌ലറുടെ ചിത്രത്തോടൊപ്പം ‘ജോസിനെ പോലൊരു ബോസിന് നന്ദിപൂര്‍വം’ എന്ന് ക്യാപ്ഷനും നല്‍കിയുള്ള ടീമിന്റെ പോസ്റ്റാണ് ചര്‍ച്ചയ്ക്ക് കാരണമായത്. സംഭവം ചര്‍ച്ചയായതോടെ വ്യക്തത വരുത്തി രാജസ്ഥാന്‍ റോയല്‍സ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

IPL this time is 'about adapting on the run': Steve Smith - cricket - Hindustan Times

‘തെറ്റായ അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടെന്ന് അഡ്മിന്‍സ് തിരിച്ചറിഞ്ഞപ്പോള്‍’ എന്ന ക്യാപ്ഷനില്‍ രാജസ്ഥാന്റെ മറ്റൊരു ട്വീറ്റാണ് ‘തല’മാറ്റ ചര്‍ച്ചയ്ക്ക് വിരാമമിട്ടിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിലും സ്റ്റീവ് സ്മിത്ത് തന്നെ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. തമാശയ്ക്കു വേണ്ടി ചെയ്ത കാര്യമാണു ഇത്രയും ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയതെന്നും ടീം വ്യക്തമാക്കി.

കൊല്‍ക്കത്ത നായകസ്ഥാനത്തു നിന്ന് ദിനേഷ് കാര്‍ത്തികിനെ മാറ്റി ഇയാന്‍ മോര്‍ഗനെ നിയമിച്ചതും സ്മിത്തിന്റെ മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ദുബായിലാണ് മത്സരം.