ഐ.പി.എല്‍ ടീമുകള്‍ക്ക് 'അവിഹിതം', ബി.സി.സി.ഐയ്ക്ക് ആശങ്ക

ഐപിഎല്‍ ടീം ഉടമകളുടെ വിദേശ ലീഗുകളോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐ ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉള്‍പ്പടെ എല്ലാവരും വിദേശ ലീഗുകളില്‍ വാങ്ങാനുള്ള ആവേശത്തിലാണ്.

സമീപകാല സംഭവവികാസങ്ങളില്‍ തങ്ങള്‍ വളരെ ആശങ്കാകുലരാണെന്ന് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. ‘ബിസിസിഐ ഒരു ബ്രാന്‍ഡ് ഐപിഎല്‍ സൃഷ്ടിച്ചു. മുഴുവന്‍ കായിക ലോകവും അതില്‍ വിസ്മയത്തിലാണ്. നമ്മുടെ ബ്രാന്‍ഡ് സംരക്ഷിക്കണം. എല്ലാ വിദേശ ലീഗുകളുമായും ഐപിഎല്‍ ഉടമകളുടെ പേര് ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്’.

‘അവര്‍ക്ക് എവിടെ വേണമെങ്കിലും നിക്ഷേപിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഐപിഎല്ലിന്റെ പേരില്‍ ഒരു തരത്തിലുള്ള ബ്രാന്‍ഡ് സ്വാധീനവും ഞങ്ങള്‍ അനുവദിക്കില്ല’ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ഐപിഎല്‍ ടീം ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഈ വിദേശ ലീഗുകളിലേക്ക് ഇന്ത്യന്‍ കളിക്കാരെ അയക്കാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നില്ല. അങ്ങനെ പോകുന്ന കളിക്കാരെ വിലക്കാനുള്ള ചട്ടവും ബിസിസിഐ എടുത്ത് കളഞ്ഞേക്കില്ല.

Read more

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അഞ്ച് ടീമില്‍ മൂന്നും ഐപിഎല്‍ ടീം ഉടമകളുടേതാണ്. അതായത് രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍.
എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് പ്രമോട്ട് ചെയ്യുന്ന ILT20 ലീഗില്‍ കെകെആര്‍, എംഐ, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ ഉടമകളായ ടീമുകളുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ 6 ടീമുകളും IPL ടീം ഉടമകളുടെ ഉടമസ്ഥതയിലുള്ളതാണ്.