ആഭ്യന്തര ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്ന 26 കാരൻ താരം ശിവാലിക് ശർമ്മയെ തിങ്കളാഴ്ച ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബറോഡയിൽ നിന്നുള്ള സൂപ്പർതാരങ്ങളായ പാണ്ഡ്യ സഹോദരന്മാരായ ക്രുനാൽ, ഹാർദിക് എന്നിവരുടെ സഹതാരമാണ് ശിവാലിക്. താരത്തെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.
വിവാഹ വാഗ്ദാനം നൽകി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും തന്നെ ചതിക്കുക ആയിരുന്നെന്നും ആരോപിച്ച് ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്ന ഒരു സ്ത്രീ ജോധ്പൂരിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ശിവാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എന്നാണ് റിപ്പോർട്ടുകൾ.
ബറോഡ താരം ബാറ്റിംഗ് ഓൾറൗണ്ടറായിട്ടാണ് കളിക്കുന്നത്. 2018 ൽ ആഭ്യന്തര ടീമിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ടീമിനെ പ്രതിനിധീകരിച്ച് 1,087 റൺസ് നേടി. 13 ലിസ്റ്റ് എ മത്സരങ്ങളിലും 19 ടി20 കളിലും കളിച്ച ശിവാലിക് യഥാക്രമം 322 റൺസും 349 റൺസും നേടി.
ഈ വർഷം ജനുവരിയിൽ ആണ് ബറോഡയുടെ രഞ്ജി ട്രോഫി സീസണിലാണ് ശിവാലിക് അവസാനമായി മത്സരരംഗത്ത് പ്രത്യക്ഷപ്പെട്ടത്.
Read more
2023 സീസണിന് മുന്നോടിയായി നടന്ന ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസ് ശിവാലിക്കിനെ തിരഞ്ഞെടുത്തെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം നൽകിയില്ല. കഴിഞ്ഞ നവംബറിൽ നടന്ന മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്‌തു.