ഐപിഎല്‍ 2024: ഹാര്‍ദ്ദിക് ബോളര്‍മാര്‍ക്കൊരു ശല്യം, ഗുജറാത്ത് രക്ഷപ്പെട്ടു, മുംബൈ പെട്ടു; തുറന്നടിച്ച് ശ്രീശാന്ത്

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍മാര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പന്തെറിയുമെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് ബോളര്‍മാരെ ശല്യപ്പെടുത്താന്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ഇല്ലെന്നും അതിനാല്‍ ബോളര്‍മാര്‍ക്ക് സ്വതന്ത്രമായി ബോളെറിയാനാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

ബോളര്‍മാരോട് എവിടെ പന്തെറിയണമെന്ന് പറയാന്‍ ഹാര്‍ദിക് ഗുജറാത്തിനൊപ്പമില്ല. ചില സമയങ്ങളില്‍ നായകന്മാര്‍ ഇത്തരമൊരു സ്വാതന്ത്രം ബോളര്‍മാര്‍ക്ക് നല്‍കേണ്ടതായുണ്ട്. ഇത്തവണ ശുഭ്മാന്‍ ഗില്ലാണ് നായകന്‍. ആശിഷ് നെഹ്റ ഇത്തവണ ബോളര്‍മാര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ പറഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. യുവ നായകന് കീഴില്‍ ബോളര്‍മാര്‍ ചില ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടതായുണ്ട്- ശ്രീശാന്ത് പറഞ്ഞു.

2022 ലെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്കും അടുത്ത സീസണില്‍ ഫൈനലിലേക്കും ടൈറ്റന്‍സിനെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ, 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയിരുന്നു. അവിടെ രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക് ക്യാപ്റ്റനായി. ഇതോടെ ഗുജറാത്തിന്റെ ചുമതല ശുഭ്മാന്‍ ഗില്ലിന് ലഭിച്ചു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എംഐയ്ക്കെതിരെ ആവേശകരമായ വിജയം നേടിയ ജിടി പ്രതീക്ഷയില്ലാത്ത അവസ്ഥയില്‍ നിന്ന് തിരിച്ചെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അവര്‍ സിഎസ്‌കെയോട് തോറ്റു.