ഐപിഎല്‍ 2023: നായകന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാനില്ല, വരുമെന്ന പ്രതീക്ഷയില്‍ ക്യാപിറ്റല്‍സ്

ഋഷഭ് പന്തിന്റെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ തന്നെ നയിച്ചേക്കും. പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ഐപിഎല്‍ 2023ല്‍ ഡിസിയെ നയിക്കുന്നതില്‍ എപ്പോഴും മുന്‍നിരക്കാരന്‍ വാര്‍ണറായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതാണ് ഡിസിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. കൈമുട്ടിന് പരിക്കേറ്റെങ്കിലും കൃത്യസമയത്ത് താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്.

ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് ബൗണ്‍സറേറ്റാണ് താരത്തിന് പരിക്കേറ്റത്. കൂടുതല്‍ സ്‌കാനിംഗ് നടത്തിയപ്പോള്‍, സിറാജിന്റെ ബൗണ്‍സര്‍ തട്ടി താരത്തിന്റെ കൈമുട്ടിന് പൊട്ടലുള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് താരം പര്യടനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹി ഇത്തവണ പൃഥ്വി ഷായെ നായകനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനം നിലവില്‍ ഡിസിയുടെ പരിഗണനയിലില്ലെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഡല്‍ഹി ടീമില്‍ നിര്‍ണ്ണായകസ്ഥാനമാണ് പൃഥ്വിക്കുള്ളത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിച്ചിട്ടുള്ള നായകനാണ് പൃഥ്വി. യുവതാരമാണെങ്കിലും നായകനെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരത്തെ വാര്‍ണറിന്റെ കാര്യത്തില്‍ ഒരു രക്ഷയുമില്ലെങ്കില്‍ ടീം പരിഗണിക്കും.

ഏപ്രില്‍ ഒന്നിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ കാമ്പെയ്ന്‍ ആരംഭിക്കും. അക്സര്‍ പട്ടേലായിരിക്കും വൈസ് ക്യാപ്റ്റന്‍.