ഇത് കുറച്ച് നേരത്തെ ആയിരുന്നെങ്കില്‍; പരിതപിച്ച് ധോണി

ഇപ്പോള്‍ കളിക്കുന്നത് പോലെ ടീം നേരത്തെ കളിച്ച് ജയിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുവെന്ന് സിഎസ്‌കെ നായകന്‍ എംഎസ് ധോണി. ഡല്‍ഹിക്കെതിരെ ഇന്നലെ നേടിയ മിന്നും ജയത്തിന് പിന്നാലെയാണ് ധോണി ഇക്കാര്യം പറഞ്ഞത്. സീസണിന്റെ തുടക്കത്തില്‍ തുടര്‍ തോല്‍വികളാല്‍ വലഞ്ഞ സിഎസ്‌കെ പ്ലേഓഫില്‍ നിന്ന് ഏറെക്കുറെ പുറത്താണ്.

‘ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും മറ്റു മത്സരഫലങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാകുകയും ചെയ്താല്‍ ഐപിഎലില്‍ പ്ലേ ഓഫിലേക്ക് ഇനിയും ചെന്നൈയ്ക്ക് കടക്കാനാകും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള വിജയം പെര്‍ഫക്ട് ഗെയിമിന്റെ ഉദാത്തമായ ഉദാഹരണം ആയിരുന്നു. ബാറ്റര്‍മാര്‍ നന്നായി കളിച്ചു. എല്ലാവരും സംഭാവനകള്‍ നല്‍കി. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ഉണ്ടായിരുന്നത് സഹായിച്ചു.’

‘ഞാന്‍ കണക്കിന്റെ വലിയ താത്പര്യമുള്ള ആളല്ലാ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും ഞാന്‍ അതില്‍ മിടുക്കനായിരുന്നില്ല. നെറ്റ് റണ്‍റേറ്റിനെ കുറിച്ച് ചിന്തിക്കുന്നത് സഹായിക്കില്ല. ഐപിഎല്‍ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റ് രണ്ട് ടീമുകള്‍ കളിക്കുമ്പോള്‍, സമ്മര്‍ദ്ദത്തിലും ചിന്തയിലും ആയിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത കളിയില്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചാല്‍ മതി. ഞങ്ങള്‍ പ്ലേഓഫില്‍ എത്തിയാല്‍, മികച്ചത്. എന്നാല്‍ അത് സംഭവിച്ചില്ലെങ്കിലും അത് ലോകാവസാനമല്ല’ ധോണി പറഞ്ഞു.

ഡല്‍ഹിക്കെതിരെ 91 റണ്‍സിനാണ് സിഎസ്‌കെ വിജയിച്ചത്. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 8 പോയിന്റുമായി ചെന്നൈ എട്ടാമതാണ്.