ബാംഗ്ലൂരിനെ ആവേശത്തിലാക്കി ഉസൈന്‍ ബോള്‍ട്ടിന്റെ സന്ദേശം; മറുപടിയുമായി ഡിവില്ലിയേഴ്‌സ്

Advertisement

ഐ.പി.എല്‍ 14ാം സീസണ് തയ്യാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആവേശത്തിലാക്കി വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ട്വീറ്റ്. ‘ഞാനാണ് ഇപ്പോഴും ഇവിടുത്തെ വേഗമേറിയ പൂച്ച’ എന്നാണ് ഉസൈന്‍ ബോള്‍ട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും വിരാട് കോഹ് ലിയെയും എബി ഡിവില്ലിയേഴ്‌സിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.

ബാംഗ്ലൂരിന്റെ ജേഴ്‌സി അണിഞ്ഞു കൊണ്ടുള്ള ചിത്രത്തിന് ഒപ്പമായിരുന്നു ബോള്‍ട്ടിന്റെ ട്വീറ്റ്. ബോള്‍ട്ടിന് മറുപടി ട്വീറ്റുമായി ഡിവില്ലിയേഴ്‌സും രംഗത്ത് വന്നു. ‘എക്സ്ട്രാ റണ്‍സ് വേണ്ടപ്പോള്‍ ആരെയാണ് വിളിക്കേണ്ടത് എന്ന് അറിയാം’ എന്നാണ് ഡിവില്ലിയേഴ്സ് ബോള്‍ട്ടിന് മറുപടിയായി കുറിച്ചത്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ ടീമിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്.

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളിലൊന്നാണ് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ്. ഇത്തവണ ആ ക്ഷീണം തീര്‍ക്കാനാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം. വെടിക്കെട്ട് താരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്.

വെള്ളിയാഴ്ചയാണ് ഐ.പി.എല്‍ പുതിയ സീസണ് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെന്നൈയില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.