വാര്‍ണറുടെ വിക്കറ്റ് ബാംഗ്ലൂരിന് കിട്ടിയ ദാനം?; തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ വിമര്‍ശനം

ഐ.പി.എല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് ഫൈനലിനോട് അടുത്ത സന്തോഷത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ ജയം. മത്സരത്തില്‍ വിജയിച്ചെങ്കിലും മത്സരത്തിലെ ഡേവിഡ് വാര്‍ണറുടെ പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ മുതിര്‍ന്ന താരങ്ങളടക്കം പലരും രംഗത്തു വന്നിരിക്കുകയാണ്.

മുഹമ്മദ് സിറാജ് എറിഞ്ഞ ഹൈദരാബാദ് ഇന്നിംഗ്‌സിന്റെ ആറാം ഓവറിലാണ് ഡിവില്ലിയേഴ്‌സ് ക്യാച്ചെടുത്ത് ഡേവിഡ് വാര്‍ണര്‍ (17 റണ്‍സ്) പുറത്തായത്. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും റിവ്യുവില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഔട്ട് വിധിക്കാന്‍ അവിടെ വേണ്ടത്ര തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന സ്‌കോട്ട് സ്റ്റൈറിസ് പറഞ്ഞു.

 ഇവിടെ പ്രതികരിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ട്വിറ്ററിലും സ്‌റ്റൈറിസ് കുറിച്ചു. സൈമണ്‍ ഡൗളും തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് എത്തി. ഗ്ലൗസില്‍ തട്ടിയിലെന്ന് തന്നെയാണ് ഡൗളും പറയുന്നത്.

ബോളര്‍മാരുടെ മേധാവിത്വമാണ് ഇന്നലെ അബുദാബിയില്‍ കാണാനായത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സിന്റെ കരുത്തിലാണ് 131 റണ്‍സെടുത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദ് അവസാന ഓവറിലാണ് വിജയം കുറിച്ചത്. 44 പന്തില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിന്റെ വിജയശില്പി.