കിരീടം നിലനിര്‍ത്താന്‍ ചെന്നൈ തിരിച്ചു പിടിക്കാന്‍ മുംബൈ; വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ തുക!

ഐപിഎല്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം. ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് ചെന്നെ എട്ടാം തവണയും ഫൈനലിലേക്കു പ്രവേശിച്ചിരിക്കുന്നത്. നേരത്തെ ചെന്നൈയെ തോല്‍പിച്ച് ആദ്യം ഫൈനലില്‍ പ്രവേശിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ.

പന്ത്രണ്ടാം സീസണ് ഇന്ന് കൊടിയിറങ്ങുമ്പോള്‍ വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ തുകയാണ്. 50 കോടി രൂപയാണ് ഈ സീസണില്‍ സമ്മാനയിനത്തില്‍ മാത്രമായി ബിസിസിഐ നല്‍കുന്നത്. ഇതില്‍ കിരീട ജേതാക്കള്‍ക്ക് 25 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 12.5 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ഡെല്‍ഹി ക്യാപിറ്റല്‍സിന് 10.5 കോടി രൂപയും, നാലാം സ്ഥാനക്കാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 8.5 കോടി രൂപയും ലഭിക്കും.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓറഞ്ച് ക്യാപ്പ് ജേതാവിനും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന പര്‍പ്പിള്‍ ക്യാപ്പ് ജേതാവിനും 10 ലക്ഷം രൂപ വീതം ലഭിക്കും. ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യൂവബിള്‍ താരത്തിനും ഇക്കുറി 10 ലക്ഷം രൂപയാവും ലഭിക്കുക. ഓറഞ്ച് ക്യാപ്പ് സണ്‍റൈസേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനാവും ലഭിക്കുക. 12 കളികളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണറിന്റെ സമ്പാദ്യം. വിക്കറ്റ് വേട്ടയില്‍ ഡല്‍ഹിയുടെ റബാഡയാണ് മുന്നില്‍ 12 കളില്‍ നിന്ന് 25 വിക്കറ്റ്. തൊട്ടു പിന്നില്‍  16 കളികളില്‍ നിന്ന് 24 വിക്കറ്റുമായി ചെന്നൈയുടെ ഇമ്രാന്‍ താഹിറാണ് ഉള്ളത്.