ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്. കുണ്ടറ പൊലീസാണ് കേസ് എടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്.

കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിരുന്നു.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്‍റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും നാട്ടില്‍ എത്തിക്കുന്ന മ‍തദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാര്‍ വ്യക്തമാക്കി.

Read more