സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതീരെ രൂക്ഷ വിമർശനം ഉന്നയിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ പ്രസംഗം പുറത്ത്. കൂത്തു പറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നിയമ സഭയിൽ നടന്ന ചർച്ചയിൽ റവാഡയെ വിമർശിച്ച പ്രസംഗമാണ് പുറത്ത് വന്നത്. റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രസംഗത്തിൽ പിണറായി വിജയൻ പറയുന്നത്.
കൂത്തു പറമ്പ് വെടിവെപ്പിന് മേൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയത്തിലാണ് പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിക്കുന്നത്. കൂത്തുപറമ്പ് സംഭവത്തിൽ റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നുവെന്നും റവാഡയെ സസ്പെൻഡ് ചെയ്യണമെന്നും പിണറായി വിജയൻറെ പ്രസംഗത്തിൽ ഉണ്ട്.
പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെ…
‘കരിങ്കൊടി കാണിച്ച് പ്രവർത്തകർ പിരിഞ്ഞുപോകും. വെടിവെക്കരുതെന്ന് അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ വെടിവെപ്പ്’ഞങ്ങൾക്ക് ഒരു പരിശീലനമാണ് എന്നാണ് റവാഡ ചന്ദ്രശേഖരൻ പറഞ്ഞത്. റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു. റവാഡയെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. വെടിവെച്ച പരിശീലനം നടത്തുന്ന ഒരു എഎസ്പിയാണ് റവാഡ ചന്ദ്രശേഖർ’.
റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള മുതിർന്ന നേതാക്കൾ ന്യായീകരിക്കാൻ മത്സരിക്കുകയായിരുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട നിയമസഭാ രേഖകളിൽ ഇടക്കിടെ റവാഡയുടെ പേര് പരാമർശിക്കുന്നുമുണ്ട്. റവാഡക്കു ശേഷം രേഖകളിൽ കൂടുതൽ പരാമർശിക്കപ്പെട്ട മറ്റൊരു പേര് ഹക്കീം ബത്തേരിയുടെതാണ്. നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. 2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. 2026 ജൂലൈ വരെയാണ് റവാഡയുടെ കാലാവധി.