ഇന്ത്യയുടെ ബാറ്റിംഗ്‌ മികച്ചത്‌, പകരക്കാരും കൊള്ളാം ; എന്നാല്‍ ഈ പോരായ്‌മ പരിഹരിച്ചില്ലെങ്കില്‍ ലോക കപ്പില്‍ രക്ഷയില്ല

ശ്രീലങ്കയ്‌ക്ക്‌ എതിരായ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച്‌ ഇന്ത്യ പരമ്പര പിടിച്ചതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിമല്‍ക്കുള്ള ഇന്ത്യയുടെ പ്രതീക്ഷയും സജീവമായി.

ഇന്ത്യ പകരക്കാരായി ഉപയോഗിച്ച താരങ്ങള്‍ വരെ തകര്‍ത്തടിക്കുകയും മികച്ച പ്രകടനം കാട്ടുകയും ചെയ്യുമ്പോള്‍ ആരെയാണ്‌ തഴയുക എന്നത്‌ സെലക്ടര്‍മാരെയും കുഴക്കുമെന്ന്‌ ഉറപ്പ്‌. എന്നാല്‍ ബാറ്റിംഗ്‌ ലൈനപ്പ്‌ മികച്ചതായിരിക്കുമ്പോഴും ഇന്ത്യന്‍ ടീം നേരിടുന്ന വലിയൊരു പ്രശ്‌നം ചൂണ്ടിക്കാട്ടുകയാണ്‌ മുന്‍ താരം വസീം ജാഫര്‍.

രോഹിത്‌ ശര്‍മ്മ നായകനായ ശേഷം ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചപ്പെടുന്ന അവസ്ഥയിലും ഇന്ത്യ ഡെത്ത്‌ ഓവറുകളില്‍ റണ്‍സ്‌ വിട്ടു കൊടുക്കുന്നതാണ്‌ വസീം ജാഫര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. ലോകകപ്പിലേക്ക്‌ ഇന്ത്യ ഈ പ്രശ്‌നത്തിന്‌ ഉടനടി പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന്‌ വസീംജാഫര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാം മത്സരത്തില്‍ 15 ാം ഓവര്‍ വരെ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന അഞ്ച്‌ ഓവറുകളിലേക്ക്‌ എത്തിയപ്പോള്‍ ധാരാളികളായി മാറിയതാണ്‌ താരം പറയുന്ന പ്രശ്‌നം.

ഇന്നലത്തെ മത്സരത്തില്‍ ശ്രീലങ്ക വലിയ സ്‌കോറിലേക്ക്‌ പോകാന്‍ കാരണം ലങ്കന്‍ നായകന്‍ ഷനകയുടെ ബാറ്റിംഗ്‌ മികവായിരുന്നു. തകര്‍പ്പന്‍ വെടിക്കെട്ട്‌ നടത്തിയ ഷനകയുടെ മികവില്‍ ശ്രീലങ്ക അവസാന അഞ്ച്‌ ഓവറുകളില്‍ അടിച്ചുകൂട്ടിയത്‌ 80 റണ്‍സായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ മികച്ച പദ്ധതികള്‍ ഒരുക്കേണ്ടതുണ്ട്‌്‌. ഡെത്ത്‌ ഓവറില്‍ ലെംഗ്‌തിലാണ്‌ ശ്രദ്ധ വെയ്‌ക്കേണ്ടത്‌. സ്‌ളോ ബോളിലും ലെംഗ്‌ത്‌ നഷ്ടപ്പെടുന്നു. സ്‌ളോവര്‍ ബൗണ്‍സര്‍ പോലെയുള്ള കാര്യങ്ങള്‍ അടുത്ത തവണ പരീക്ഷിക്കേണ്ടതുണ്ടെന്നും പറയുന്നു.

ലങ്കയ്‌ക്ക്‌ എതിരേയുള്ള 20 ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 20 റണ്‍സാണ്‌ വിട്ടുകൊടുത്തത്‌. 18 ാം ഓവര്‍ എറിഞ്ഞ ജസ്‌പ്രീത്‌ ബുംറ 14 റണ്‍സും 19 ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 16 റണ്‍സും വഴങ്ങി. ഡെത്ത്‌ ഓവറിലെ ഈ ധാരാളിത്തവുമായി ഓസ്‌ട്രേലിയയിലേക്ക്‌ ലോകകപ്പിന്‌ പോയാല്‍ വന്‍ തിരിച്ചടിയാകുമെന്നും ബാറ്റ്‌സ്‌മാന്‍മാര്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ലൈനും ലെംഗ്‌ത്തും ഉപയോഗിച്ചുള്ള ബൗളിംഗ്‌ കൊണ്ട്‌ റണ്‍ പിശുക്ക്‌ ബൗളര്‍മാരും നടത്തണമെന്ന്‌ ജാഫര്‍ പറയുന്നു.