ഡ്രിനിഡാഡില്‍ മാനം തെളിയുമോ?; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ട്രിനിഡാഡ് ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കും.മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തതിനാല്‍ രണ്ടാം മത്സരവും മഴകളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഡ്രിനിഡാഡില്‍ മഴ പെയ്തേക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്നത്തെ മത്സരത്തില്‍ നാലാം നമ്പരില്‍ ഇന്ത്യ ശ്രേയസ് അയ്യരിനെ ഇറക്കിയേക്കും. വിന്‍ഡീസ് എയ്‌ക്കെതിരെയുള്ള പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടി തകര്‍പ്പന്‍ ഫോമിലാണ് താരം. ആദ്യ ഏകദിനത്തില്‍ കെ.എല്‍ രാഹുലിന് പകരം ശ്രേയസ് അയ്യരിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മഴ കളി മുടക്കിയിരുന്നു. 13 ഓവര്‍ മാത്രമാണ് ആദ്യ ഏകദിനത്തില്‍ എറിയാനായത്.

ഭുവനേശ്വര്‍ കുമാറിനെയോ ഖലീല്‍ അഹമ്മദിനെയോ ഇന്ത്യ പുറത്തിരുത്തിയാല്‍ നവ്ദീപ് സെയ്നിക്ക് അരങ്ങേറ്റത്തിനു വഴിതെളിയും. ക്രിസ് ഗെയ്ലിന്റെ വിടവാങ്ങല്‍ പരമ്പരയാണെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും വിന്‍ഡീസ് ചിന്തിക്കുന്നില്ല. ടി20 പരമ്പര കൈവിട്ടതിനാല്‍ സ്വന്തം മണ്ണില്‍ ഏകദിന പരമ്പരകൂടി വിട്ടുകളയാന്‍ വിന്‍ഡീസിന്റെ ആത്മാഭിമാനം അനുവദിക്കില്ല. അതിനാല്‍ തന്നെ മഴ കളിച്ചില്ലെങ്കില്‍ തീപാറും മത്സരം ഇന്ന് ഡ്രിനിഡാഡില്‍ പ്രതീക്ഷിക്കാം. വൈകിട്ട് ഏഴ് മണിയ്ക്കാണ് മത്സരം തുടങ്ങുക.