ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍; രോഹിത്തിനും കോഹ്‌ലിക്കും നിര്‍ദ്ദേശം നല്‍കി ദ്രാവിഡ്

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം 9ന് നാഗ്പൂരില്‍ നടക്കാന്‍ പോവുകയാണ്. ഈ മത്സരത്തിനായുള്ള ശക്തമായ തയ്യാറെടുപ്പിലാണ് ഇരുവിഭാഗവും. പരമ്പരയില്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍മാരെ നേരിടാനുള്ള ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍ പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കി കഴിഞ്ഞു.

ഓസീസ് സ്പിന്നര്‍മാരെ സ്വീപ്പ് ഷോട്ടിലൂടെ നേരിടാന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് കോച്ച് രാഹുല്‍ ദ്രാവിഡ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ പരമ്പരയില്‍ ഇതേ രീതിയിലാണ് ഋഷഭ് പന്ത് ഓസീസിനെ കൈകാര്യം ചെയ്തത്. ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിനെ അനുകരിക്കണമെന്നാണ് ദ്രാവിഡിന്റെ നിര്‍ദ്ദേശം.

നാല് സ്പിന്നര്‍മാരുമായെത്തുന്ന ഓസീസ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നഥാന്‍ ലിയോണാണ് ഓസീസ് നിരയുടെ സ്പിന്‍ ബോളിംഗിനെ നയിക്കുന്നത്. ഇന്ത്യയ്ക്കെതിരെ 22 ടെസ്റ്റുകളില്‍ നിന്ന് ലിയോണ്‍ 94 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

നാഗ്പൂരിലെ പിച്ചില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഇന്ത്യയുടെ ബോളിംഗ് നിരയില്‍ നാല് സൂപ്പര്‍ സ്പിന്നര്‍മാരാണുള്ളത്. ഇവരില്‍ മൂന്ന് പേരെയും ഇന്ത്യ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനാണ് സാദ്ധ്യത.