നിരവധി ഘടകങ്ങള്‍ എതിരു നിന്നിട്ടും ഇന്ത്യ നേടി, ഹിറ്റ്മാന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു

ഒരു അസാമാന്യ വിജയമാണ് ടീം ഇന്ത്യ നേടിയിരിക്കുന്നത്. ഹിറ്റ്മാന്റെ പടയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്നു. ഭുവനേശ്വര്‍, ചഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യയുടെ ബോളിംഗ് നിര ദുര്‍ബലമാണെന്ന് തോന്നിയിരുന്നു.

ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍,രവി ബിഷ്‌ണോയ്, വെങ്കിടേഷ് അയ്യര്‍ എന്നീ ബോളര്‍മാരെല്ലാം തുടക്കക്കാരാണ്. ശാര്‍ദ്ദുല്‍ താക്കൂര്‍ റണ്‍ വഴങ്ങുന്ന കാര്യത്തില്‍ ധാരാളിത്തം കാട്ടാറുമുണ്ട്. ആക്രമണത്തിന്റെ ലീഡറായ ദീപക് ചാഹറിനെ പരിക്കുമൂലം നഷ്ടമായി. വിന്‍ഡീസിന് സ്‌ഫോടനാത്മകമായ തുടക്കം ലഭിക്കുകയും ചെയ്തു.

ഇത്രയൊക്കെ ഘടകങ്ങള്‍ എതിരുനിന്നിട്ടും ഇന്ത്യ ഏതാണ്ട് കംഫര്‍ട്ടബിള്‍ ആയിത്തന്നെ ജയിച്ചു. ടി20 ക്രിക്കറ്റില്‍ വിന്‍ഡീസ് അതിശക്തരാണ് എന്ന വസ്തുത മറക്കരുത്. ഡിയര്‍ ടി20 ലോക കപ്പ്, ഞങ്ങളുടെ ടീം വരുന്നുണ്ട്.

ടീം ഇന്ത്യയുടെ 360 ഡിഗ്രി പ്ലെയര്‍ ആണ് സൂര്യകുമാര്‍ യാദവ്. ഫാസ്റ്റ് ബോളര്‍ക്കെതിരെ സ്‌കൂപ് ഷോട്ടിലൂടെ രണ്ട് സിക്‌സറുകള്‍! ഒരു വൈഡ് യോര്‍ക്കര്‍ തേഡ്മാന് മുകളിലൂടെ ഗാലറിയില്‍ എത്തിച്ചതായിരുന്നു അതിനേക്കാള്‍ അവിശ്വസനീയം! അത്തരം ഷോട്ട് മേക്കിംഗ് എബിലിറ്റി വിരലില്‍ എണ്ണാവുന്ന കളിക്കാരില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

സമ്മര്‍ദ്ദം മുറുകിനില്‍ക്കുന്ന ഘട്ടത്തില്‍ ഇത്തരം ഷോട്ടുകള്‍ വരുമ്പോള്‍ അവ കൂടുതല്‍ സ്‌പെഷല്‍ ആവുന്നു. 150 ന്റെ പരിസരത്ത് നില്‍ക്കേണ്ട സ്‌കോറാണ് 184 വരെ എത്തിയത്. ടീമിലെത്താന്‍ വൈകിപ്പോയി എന്നൊരു സങ്കടം മാത്രം. മറ്റൊരു മൈക്കല്‍ ഹസിയായി കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കട്ടെ…