സഞ്ജുവിന്‍റെ ക്ഷമയോടെയുള്ള ബാറ്റിംഗിന് പിന്നിലെ രഹസ്യം?, വെളിപ്പെടുത്തി പരിശീലകന്‍

വ്യാഴാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 6 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയാണ് സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്.

തന്റെ സാധാരണ മധ്യനിര സ്ഥാനത്തേക്കാള്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സാംസണ്‍ തന്റെ പതിവ് സ്വഭാവത്തിന് വിരുദ്ധമായി പതുക്കെ തട്ടി കളിച്ചാണ് സെഞ്ച്വറി തികച്ചത്. ഇപ്പോഴിതാ സഞ്ജുവിന്റെ ക്ഷമയോടെയുള്ള സെഞ്ച്വറി പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ ബിജുമോന്‍ എന്‍.

സഞ്ജു പ്രത്യേക ചിന്താഗതിയുള്ള താരമാണ്. തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടാറില്ല. പദ്ധതികളും പ്രയത്നങ്ങളിലുമാണ് അവന്‍ വിശ്വസിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ബംഗളൂരുവില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ഇതിന് അനുയോജ്യമായ പിച്ചാണൊരുക്കിയത്.

ദക്ഷിണാഫ്രിക്കയിലെ അതേ സാഹചര്യത്തിലുള്ള പിച്ച് ഇവിടെ തയ്യാറാക്കി. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്ന് സഞ്ജുവിനറിയാം. നല്ല ബൗണ്‍സ് ഇവിടുത്തെ പിച്ചിലുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ തയ്യാറാക്കുന്ന പിച്ചിനെക്കാള്‍ വ്യത്യസ്തമായ സാഹചര്യമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതുകൊണ്ടുതന്നെ അവിടുത്തെ സാഹചര്യത്തോട് പൊരുത്തപ്പെടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. വലിയ ഇന്നിംഗ്സ് കളിക്കാന്‍ മാനസികമായി അവന്‍ തയ്യാറെടുത്തിരുന്നു- ബിജുമോന്‍ പറഞ്ഞു.