ഗില്ലിന് അര്‍ദ്ധ സെഞ്ച്വറി, ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മത്സരത്തിന്റെ ആദ്യ സെക്ഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയ്ക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 81 പന്തുകളില്‍ നിന്നാണ് താരം അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഗില്ലിന്റെ നാലാം അര്‍ദ്ധശതകമാണിത്.

29 ഓവര്‍ പിന്നിടുമ്പോള്‍ ശുഭ്മാന്‍ ഗില്‍ 52 റണ്‍സെടുത്തും ചേതേശ്വര്‍ പുജാര 15 റണ്‍സെടുത്തും പുറത്താകാതെ നില്‍ക്കുകയാണ്. 13 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കൈല്‍ ജാമിസണാണ് വിക്കറ്റ്.

Image

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചു. വിരാട് കോഹ് ലിയുടെ ഒഴിവിലാണ് ശ്രേയസിന് ടീമിലേക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിച്ചാണ് ഇന്ത്യ കാണ്‍പൂരിലിറങ്ങുന്നത്.

പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം വിശ്രമത്തിലാണ്. അതേസമയം മുഴുവന്‍ ശക്തിയോടെയുമാണ് ന്യൂസിലാന്‍ഡിന്റെ വരവ്.

Image

2012 ന് ശേഷം ഇന്ത്യയില്‍ ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഈ ചരിത്രം തിരുത്താനാവും കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്. 1988ലാണ് അവസാനമായി ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

Image

പ്ലേയിംഗ് 11 ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ

പ്ലേയിംഗ് 11 ന്യൂസിലാന്‍ഡ്: ടോം ലാദം, വില്‍ യങ്, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്ലര്‍, ഹെന്‍ റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, റാച്ചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലി.