സൂപ്പര്‍ പേസര്‍ പൂര്‍ണമായും പുറത്തിരിക്കും; കളം തൊടും മുമ്പേ ഇംഗ്ലണ്ടിന് തിരിച്ചടി

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിറങ്ങുന്ന ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ പരിക്ക്. പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്ത ആര്‍ച്ചര്‍ ഇന്ത്യയുമായുള്ള പരമ്പരയില്‍ കളിക്കാനുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ആര്‍ച്ചറെ ഒഴിവാക്കിയിരുന്നു.

വലത് കൈമുട്ടിലെ പരിക്ക് മാറാത്തതാണ് ആര്‍ച്ചറിന് വിനയായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ച്ചറിന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയുന്നത്. ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റ് മുതല്‍ ആര്‍ച്ചറിനെ കളിപ്പിക്കാമെന്നാണ് ഇംഗ്ലണ്ട് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കളത്തിലേക്ക് എന്ന് മടങ്ങുമെന്നതിനെ കുറിച്ച് ആര്‍ച്ചര്‍ വ്യക്തമാക്കിയിട്ടില്ല.

ഈ വേനലില്‍ തന്നെ പരിക്ക് ഭേദമായില്ലെങ്കില്‍ ടി20 ലോക കപ്പും ആഷസുമെല്ലാം ആര്‍ച്ചറിന് നഷ്ടമാകും. മേയില്‍ ആര്‍ച്ചര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നീട് ആഭ്യന്തര ടൂര്‍ണമെന്റായ ടി20 ബ്ലാസ്റ്റില്‍ കളിക്കാനിറങ്ങിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.