'ബൗള്‍ ചെയ്യാന്‍ ഓടുന്നതിനിടെ അദ്ദേഹത്തെ ക്രീസില്‍ കണ്ടപ്പോള്‍ എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല'

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ടോം കറെനും സഹോദരന്‍ സാം കറെനും സഹോദരന്മാരാണ്. എന്നാല്‍ ഐ.പി.എല്ലില്‍ എതിര്‍ ചേരികളിലാണ് ഇരുവരും. ഇപ്പോഴിതാ ഐ.പി.എല്ലില്‍ ടോമിനെതിരേ ആദ്യമായി ബൗള്‍ ചെയ്തപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സാം. 2020ലെ സീസണിലെ അനുഭവമാണ് സാം വെളിപ്പെടുത്തിയത്.

“ഞങ്ങള്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നതാണ്. ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ഒരുമിച്ച് തന്നെയായിരുന്നു. ഐ.പി.എല്‍ പോലെ ഇത്ര വലിയൊരു വേദിയില്‍ മുഖാമുഖം വരികയെന്നത് രസകരമായ കാര്യമാണ്. ബോള്‍ ചെയ്യാന്‍ ഓടുന്നതിനിടെ ക്രീസില്‍ ടോമിനെക്കണ്ടപ്പോള്‍ എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല.”

“നിങ്ങള്‍ ചിലപ്പോള്‍ സീരിയസാവാന്‍ ശ്രമിക്കും. പക്ഷെ ചില സമയങ്ങളില്‍ ഇതു രസകരമാകും. എന്നാല്‍ എന്റെ ബോളില്‍ ടോം ബൗണ്ടറിയടിച്ചപ്പോള്‍ അത്ര സന്തോഷമില്ലായിരുന്നു. ബാറ്റിന് അരികില്‍ തട്ടിയായിരുന്നു ബോള്‍ ബൗണ്ടറിയില്‍ കലാശിച്ചത്. മല്‍സരേഷം ടോമുമായി ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു” സാം പറഞ്ഞു.

ഈ സീസണിലും കറെന്‍ ബ്രദേഴ്സിന്റെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ആരാധകര്‍ സാക്ഷ്യം വഹിച്ചു. ചെന്നൈ-ഡല്‍ഹി മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ ഇവിടെ സാം ബാറ്റ്‌സ്മാനും ടോം ബോളറുമായിരുന്നു. ഡല്‍ഹിയുടെ ടോം കറെനെ ഒരു ദാക്ഷണ്യവും കൂടാതെയാണ് ചെന്നൈയുടെ താരമായ സാം കറെന്‍ നേരിട്ടത്.