വില്യംസണ്‍ കുതിച്ചത് കപിലിനെ പോലെയെന്ന് ഗവാസ്‌കര്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ചിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. 1983 ലോക കപ്പ് ഫൈനലില്‍ വിന്‍ഡീസ് സൂപ്പര്‍ താരം വിവ് റിച്ചാര്‍ഡ്‌സിനെ ഔട്ടാക്കിയ കപില്‍ ദേവിന്റെ ക്യാച്ചിനോടാണ് വില്യംസന്റേതിനേയും ഗവാസ്‌കര്‍ ഉപമിച്ചത്.

ഹൈദരാബാദിന്റെ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലാണ് പൃഥ്വി ഷാ പുറത്തായത്. ഓഫ് സ്റ്റംപിന് വെളിയിലേക്കുപോയ ബോളിനെ ഡീപ് മിഡ് വിക്കറ്റിലൂടെ പറത്താന്‍ ശ്രമിച്ച പൃഥ്വിക്ക് പിഴച്ചു. വായുവില്‍ ഉയര്‍ന്ന പന്തിനെ ലോങ് ഓണിലേക്ക് സ്പ്രിന്ററെ പോലെ കുതിച്ചെത്തിയ വില്യംസന്‍ സ്ലൈഡ് ചെയ്ത്‌കൈയിലൊതുക്കി.

1983 ലോക കപ്പ് ഫൈനലില്‍ റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ മദന്‍ലാലിന്റെ പന്തില്‍ കപില്‍ ദേവും സമാനമായ ക്യാച്ചാണ് എടുത്തതെന്ന് ഗവാസ്‌കര്‍ ഓര്‍മ്മിപ്പിച്ചു. പന്തില്‍ നിന്ന് കണ്ണെടുക്കാതെ ദീര്‍ഘദൂരം ഓടിയ വില്യംസന്റെ മികവിനെ എടുത്തുപറയാനും ഗവാസ്‌കര്‍ മറന്നില്ല.