ഐ.പി.എല്ലിലെ ഗൗതം ഗംഭീറിന്റെ വിവാദ പ്രസ്താവനകൾ; വിവാദങ്ങളുടെ കളിത്തോഴനായ ഗംഭീർ

മൈതാനത്തോ, കളിക്കളത്തിന് പുറത്തോ വിവാദ പ്രസ്താവനകൾ നടത്തി ചർച്ചകളിൽ നിറഞ്ഞിട്ടുള്ള തീപ്പൊരി താരങ്ങൾ നിരവധിയാണ്.  കളിക്കളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള  ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ഗൗതം ഗംഭീറും ഇപ്പോൾ വീണ്ടും ക്രിക്കറ്റ് ലോകത്തെ ചൂടൻ ചർച്ചകളിൽ നിറയുകയാണ്.

ലഖ്നൗവിൽ  ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ആർസിബി താരം മുഹമ്മദ് സിറാജിനോടും  വിരാട് കോഹ്ലിയോടും  ലഖ്നൗ മെന്ററായ ഗംഭീർ ഇടഞ്ഞത് തന്നെയാണ് താരത്തിനെതിരെയുള്ള ഏറ്റവും പുതിയ വിവാദം. കോഹ്ലിക്കും ഗംഭീറിനും മുഴുവൻ മാച്ച് ഫീയും നവീന് 50 ശതമാനം മാച്ച് ഫീയും സംഭവത്തെ തുടർന്ന്  പിഴയായി നൽകേണ്ടി വന്നു. ഈ സീസണിലെ ആദ്യ മത്സരത്തിൽ ആർസിബിയെ പരാജയപ്പെടുത്തിയപ്പോൾ ഗംഭീർ നടത്തിയ വിജയാഘോഷമാണ് തർക്കത്തിന് കാരണമെന്ന് ക്രിക്കറ്റ് ലോകവും വിലയിരുത്തുന്നു.

മുമ്പ് എബിഡി വില്ലിയേഴ്സിനെതിരെ ഗംഭീർ നടത്തിയ പരാമർശവും ഇപ്പോൾ  വീണ്ടും ചർച്ചയാവുകയാണ്. സഹകളിക്കാരെ ഉൾപ്പെടെ ഗംഭീർ പരിഹസിക്കുന്നത് ഇതാദ്യമായിട്ടല്ല. ഏറ്റവും മികച്ച ഐപിഎൽ ബാറ്ററിനെ തിരഞ്ഞെടുക്കാൻ അടുത്തിടെ സ്റ്റാർ സ്പോർട്സ് നടത്തിയ തിരഞ്ഞെടുപ്പിൽ എബിഡി വില്ലിയേഴ്സ് നോമിനേറ്റ്  ചെയ്യപ്പെട്ടിരുന്നു.

Read more

എബിഡി വില്ലിയേഴ്സിനുള്ളത് വ്യക്തിഗത നേട്ടങ്ങൾ മാത്രമാണെന്നും ചെന്നൈ സൂപ്പർ കിംഗിസിന്റെ  കിരീട നേട്ടങ്ങളിൽ  സുരേഷ് റെയ് നക്ക് വലിയ പങ്കുണ്ടെന്നും, ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്ററായി സുരേഷ് റെയ് നയെ താൻ  തിരഞ്ഞെടുക്കുന്നുവെന്നും  ഗംഭീർ  പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയം പോലുള്ള ഒരു ചെറിയ ഗ്രൗണ്ടിൽ ഏതൊരു കളിക്കാരനും 8-10 വർഷം കളിക്കുകയാണെങ്കിൽ ഒരേ സ്ട്രൈക്ക് റേറ്റ് ഉണ്ടാവുമെന്ന് ഗംഭീർ  അഭിപ്രായപ്പെട്ടതും ആരാധകരുടെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.