'എല്ലാവരെയും സുഖിപ്പിക്കലല്ല ശാസ്ത്രിയുടെ ജോലി'; അശ്വിനെതിരെ തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ ആയി കുല്‍ദീപ് യാദവിനെ പരിഗണിക്കാന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി തീരുമാനിച്ചതോടെ തകര്‍ന്നു പോയെന്ന ആര്‍. അശ്വിന്റെ വെളിപ്പെടുത്തല്‍ പ്രതികരണവുമായി മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ്. അശ്വിന്‍ ശാസ്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്ലാവരെയും സുഖിപ്പിക്കലല്ല അദ്ദേഹത്തിന്‍രെ ജോലിയെന്നും ശരണ്‍ദീപ് സിംഗ് തുറന്നടിച്ചു.

‘ശാസ്ത്രിയുടെ വാക്കുകളെ അശ്വിന്‍ തെറ്റായി വ്യാഖ്യാനിച്ചതാണു കുഴപ്പങ്ങള്‍ക്കു കാരണം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയ്‌ക്കൊപ്പം ഞാനും ഉണ്ടായിരുന്നു. വിദേശ പര്യടനത്തില്‍ കൂടുതല്‍ മികച്ച രീതിയില്‍ പന്തെറിയുന്നത് കുല്‍ദീപ് യാദവാണ് എന്നാണു ശാസ്ത്രി ഉദ്ദേശിച്ചത്.’

‘കുല്‍ദീപിന്റെ ബോളിംഗ് ശൈലിയിലെ വ്യത്യസ്തതയാണ് ഇതിനുള്ള കാരണം. ഇത് അശ്വിന്‍ തെറ്റിദ്ധരിച്ചു. ശാസ്ത്രി പറഞ്ഞത് ശരിയാണ്. എല്ലാവരെയും സുഖിപ്പിക്കലല്ല ശാസ്ത്രിയുടെ ജോലി’ ശരന്‍ദീപ് സിംഗ് പറഞ്ഞു.

ശാസ്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു, വിരമിക്കാന്‍ ആലോചിച്ചു; വെളിപ്പെടുത്തലുമായി അശ്വിന്‍

സിഡ്‌നിയില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ കുല്‍ദീപിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിദേശ സ്പിന്നറെന്ന് രവി ശാസ്ത്രി വിളിച്ചത് ഹൃദയ വിഷമം ഉണ്ടാക്കിയെന്നായിരുന്നു അശ്വിന്റെ വെളിപ്പെടുത്തല്‍. 2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെന്നും തന്റെ പരിക്കുകളെ ആരും മനസ്സിലാക്കിയില്ലെന്നും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും അശ്വിന്‍ തുറന്നടിച്ചിരുന്നു.