ശാസ്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു, വിരമിക്കാന്‍ ആലോചിച്ചു; വെളിപ്പെടുത്തലുമായി അശ്വിന്‍

2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. തന്റെ പരിക്കുകളെ ആരും മനസ്സിലാക്കിയില്ലെന്നും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും അശ്വിന്‍ തുറന്നു പറഞ്ഞു.

പല കാരണങ്ങളാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്റെ പരിക്കുകളെ ആള്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്ന് തോന്നി. ഒരുപാട് കളിക്കാര്‍ക്ക് ലഭിക്കുന്ന പിന്തുണ എനിക്ക് അന്യമാണെന്ന് വിചാരിച്ചു. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ ജയിച്ച എനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ചിന്ത അലട്ടി- അശ്വിന്‍ പറഞ്ഞു.

സാധാരണയായി ഞാന്‍ സഹായം പ്രതീക്ഷിക്കാറില്ല. ആരെങ്കിലും എന്നെ പിന്തുണയ്ക്കണമെന്നോ സഹതാപം കാട്ടണമെന്നോ ആവശ്യപ്പെടാറില്ല. ഏറ്റവും മികച്ച നിലയിലല്ല ഞാനെന്നു തോന്നി. അതിനാല്‍ താങ്ങി നില്‍ക്കാന്‍ ഒരു തോള്‍ ആഗ്രഹിച്ചു. അതു സംഭവിച്ചില്ല. മറ്റെന്തെങ്കിലും വഴി തേടണമെന്നു കരുതിയതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

സിഡ്നിയില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ കുല്‍ദീപിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിദേശ സ്പിന്നറെന്ന് രവി ശാസ്ത്രി വിളിച്ചത് ഹൃദയ വിഷമം ഉണ്ടാക്കിയതിനെക്കുറിച്ചും അശ്വിന്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും ഒരു സമയമുണ്ട്. അശ്വിന്‍ ഫിറ്റ്നസ് പരമായ പ്രശ്നങ്ങള്‍ നേരിടുന്നു. അതുകൊണ്ട് തന്നെ കുല്‍ദീപ് യാദവാണ് വിദേശ പര്യടനത്തിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നാണ് രവി ശാസ്ത്രി പറഞ്ഞത്.’

Ravichandran Ashwin Reveals How Ravi Shastri's Comments Almost " Crushed  Him"

രവി ഭായിയെ വളരെ ഉന്നതങ്ങളിലാണ് കണ്ടിരുന്നത്. എനിക്ക് ആ വാക്കുകള്‍ വളരെ വേദനയുണ്ടാക്കി. ശരിക്കും തകര്‍ന്നുപോയി. സഹതാരത്തിന്റെ നേട്ടത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. കുല്‍ദീപിന്റെ നേട്ടത്തില്‍ ഞാനും സന്തോഷവാനായിരുന്നു. കാരണം ഓസ്ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനമെന്നത് എത്രത്തോളം വലുതാണെന്ന് മനസിലാക്കുന്നു. കാരണം എനിക്കിതുവരെ അത് നേടാനായിട്ടില്ല. ടീമിനുള്ളില്‍ നിന്ന് എനിക്ക് യാതൊരു പിന്തുണയും ലഭിക്കാത്തതാണ് എന്നെ വേദനിപ്പിച്ചത്’ അശ്വിന്‍ പറഞ്ഞു.

2018 കാലയളവില്‍ തുടയിലെ പേശിവലിവും കാല്‍മുട്ടിലെ പരിക്കും അശ്വിനെ അലട്ടിയിരുന്നു. പലപ്പോഴും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെട്ടതായും അശ്വിന്‍ തുറന്നു പറഞ്ഞു.