IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കുറിച്ചുളള ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി. ആദ്യ ടെസ്റ്റിൽ ബുംറയെ ഇന്ത്യൻ ടീം അമിതമായി ആശ്രയിക്കുന്നത് താരത്തിന്റെ ജോലിഭാരം കൂട്ടുന്നുണ്ടെന്നും സഹബോളർമാർ അദ്ദേഹത്തിന് പിന്തുണ നൽകണമെന്നും രവി ശാസ്ത്രി പറഞ്ഞു. രണ്ട് സെഷനുകളിലായി 13 ഓവറുകളാണ് ബുംറ എറിഞ്ഞത്. മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തുകയും ചെയ്തു.

ഇം​ഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ മൂന്ന് ടെസ്റ്റുകളിൽ മാത്രമാണ് ബുംറ ഉണ്ടാവുകയെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായത്. എന്നാൽ ബുംറയെ മാറ്റിനിർത്തിയാൽ ഇന്ത്യയുടെ മറ്റ് ബോളർമാരൊന്നും പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ല. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരമ്പരയിൽ‌ ഇതുവരെ വിക്കറ്റുകൾ വീഴ്ത്തിയിട്ടില്ല. ശാർദുൽ താക്കൂറും രവീന്ദ്ര ജഡേജയും ഇതേ അവസ്ഥയിലാണ്. സഹബോളർമാർ തിളങ്ങാത്തത് പ്രധാന പേസറായ ബുംറയ്ക്ക്മേൽ വലിയ സമ്മർദമാണുണ്ടാക്കുന്നത്.

മത്സരത്തിൽ ഒരു ബ്രേക്ക്ത്രൂ ലഭിക്കണമെങ്കിൽ ബുംറയ്ക്ക് പന്ത് നൽകേണ്ട അവസ്ഥയാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ​ഗില്ലിനുളളത്. ആദ്യ സ്പെല്ലിൽ അഞ്ചും രണ്ടാം സ്പെല്ലിൽ ആറും ഓവറുകളാണ് ബുംറ എറിഞ്ഞത്. മാത്രമല്ല രണ്ടാം ദിനം അവസാന ഓവർ ഏറിഞ്ഞതും ബുംറ തന്നെയാണ്.

Read more

“പരമ്പര പുരോ​ഗമിക്കുമ്പോൾ ബുംറയുടെ ജോലിഭാരത്തെ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് രവി ശാസ്ത്രി പറയുന്നു. കാരണം എറിയുന്ന ഓരോ സ്പെല്ലിലും വിക്കറ്റ് വീഴ്ത്തണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തി അദ്ദേഹമാണ്. ഇനിയെങ്കിലും ബുംറയ്ക്ക് സഹബോളർമാരുടെ പിന്തുണ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, രവി ശാസ്ത്രി പറഞ്ഞു.