ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ബാറ്റിങ് മികവ് വീണ്ടും കാണിച്ചുതന്നിരിക്കുകയാണ് യശസ്വി ജയ്സ്വാൾ. കെഎൽ രാഹുലിനൊപ്പം ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കമായിരുന്നു ജയ്സ്വാൾ ഇന്ത്യക്ക് നൽകിയത്. 91 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഉണ്ടാക്കി. പിന്നീട് രാഹുലും സായി സുദർശനും പുറത്തായതോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ കൂട്ടുപിടിച്ചുകൊണ്ടാണ് ജയ്സ്വാൾ ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. ഇതിനിടെയാണ് തന്റെ സെഞ്ച്വറിയിലേക്കും താരം എത്തിയത്.
159 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ജയ്സ്വാൾ 101 റൺസ് നേടിയത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർമാരെയൊന്നും പേടിക്കാതെ വലിയ ആത്മവിശ്വാസത്തോടെയുളള ഇന്നിങ്സാണ് യശസ്വി കാഴ്ചവച്ചത്. ഇത് താരത്തിന്റെ ചില ഷോട്ടുകളിലെല്ലാം കൃത്യമായി കാണാമായിരുന്നു. ആദ്യ ടെസ്റ്റിലെ ജയ്സ്വാളിന്റെ മിന്നും സെഞ്ച്വറിയിൽ ട്രോളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.
Read more
ഇംഗ്ലണ്ട് ടീമിന്റെ പുതിയ പേടിസ്വപ്നം ഇനി ജയ്സ്വാൾ ആണെന്നാണ് ആരാധകർ പറയുന്നത്. എന്തൊരു പ്ലെയറാണ് അവനെന്ന് കുറിച്ചുകൊണ്ടായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ജയ്സ്വാളിനെ പ്രശംസിച്ചത്. മൈക്കൽ വോണിന് പുറമെ ഇർഫാൻ പത്താൻ, സഞ്ജയ് മഞ്ജരേക്കർ, അഞ്ജും ചോപ്ര എന്നീ മുൻ ഇന്ത്യൻ താരങ്ങളും സെഞ്ച്വറി പ്രകടനത്തിൽ യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തി.









