ആര്‍ച്ചറുടെ മടങ്ങിവരവ്, നിര്‍ണായ അറിയിപ്പുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരവും പരാജയപ്പെട്ട ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി വീണ്ടും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫാസ്റ്റ് ബോളര്‍ ജോഫ്രെ ആര്‍ച്ചറിന് കൈമുട്ടിന് രണ്ടാമതും ശസ്ത്രക്രിയ. ഇതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് നീളും. അടുത്തിടെ നടന്ന ട്വന്റി 20 ലോക കപ്പും ആഷസ് ടെസ്റ്റും കളിക്കാന്‍ കഴിയാതിരുന്ന ആര്‍ച്ചറിന് പിന്നാലെ വരുന്ന ക്രിക്കറ്റ് പരമ്പരകളും നഷ്ടമാകും. ഡിസംബര്‍ 11 നായിരുന്നു ആര്‍ച്ചറിന് രണ്ടാം ശസ്ത്രക്രിയ നടന്നത്.

ആര്‍ച്ചറിനെ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങള്‍ക്ക് കിട്ടില്ലെന്നും താരത്തിന്റെ തിരിച്ചുവരവ് നീളുമെന്നും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഷസിന് പിന്നാലെ ജനുവരി 22 – 30 നും ഇടയില്‍ വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. 2019 ലോക കപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ടീമിലെ അംഗമാണ് ആര്‍ച്ചര്‍.

Jofra Archer on injury - 'If I don't get this right, I won't play any cricket. Period'

ഇംഗ്ലണ്ടിനായി ഇതുവരെ 13 ടെസ്റ്റുകളും 17 ഏകദിനവും 12 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ആര്‍ച്ചര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് എതിരെ നടന്ന ട്വന്റി 20 മത്സരമാണ് ആര്‍ച്ചര്‍ അവസാനമായി കളിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളാണ് ആര്‍ച്ചര്‍. ആഷസിലേക്ക് ഇംഗ്ലണ്ട് വജ്രായുധമായി കരുതിവെച്ചിരിക്കുന്നിടത്തായിരുന്നു പരിക്കേറ്റത്.

ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലും അഡ്ലെയ്ഡിലും നടന്ന ആഷസിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ടിന് പരാജയമായിരുന്നു വിധി. ആര്‍ച്ചര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന്റെ മുന ഒടിഞ്ഞു പോകുകയായിരുന്നു. മാര്‍ച്ചില്‍ വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍, ജൂണില്‍ ന്യൂസിലന്റിനെതിരെ മൂന്ന് ടെസ്റ്റുകള്‍, നെതര്‍ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ എന്നിവയാണ് ഇംഗ്ലണ്ടിന് വരാനിരിക്കുന്നത്.