മത്സരശേഷം ദ്രാവിഡിന്റെ സമ്മാനം; അതിശയിച്ച് ഗ്രൗണ്ട്‌സ്മാന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വേറിട്ട വ്യക്തിത്വമാണ് രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും വിരമിച്ചശേഷവും ഏവര്‍ക്കും മാതൃക തീര്‍ത്ത ഇതിഹാസം. കാണ്‍പൂരിലും ഇന്ത്യയുടെ മുന്‍ കോച്ചുമാരില്‍ നിന്ന് വ്യത്യസ്തനായി ദ്രാവിഡ്. ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റിനെ ആവേശകരമാക്കിയ മികച്ച പിച്ച് ഒരുക്കിയതിന് ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് പാരിതോഷികം നല്‍കിയിരിക്കുകയാണ് ദ്രാവിഡ്.

ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് 35000 രൂപയാണ് ദ്രാവിഡ് സമ്മാനിച്ചത്. മത്സരശേഷം ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ശിവ കുമാറിന്റെ നേതൃത്വത്തിലെ ഗ്രൗണ്ട്‌സ്മാന്‍മാരാണ് കാണ്‍പൂരിലെ പിച്ച് ഒരുക്കിയത്. ബാറ്റര്‍മാരെയും പേസ്, സ്പിന്‍ ബോളര്‍മാരെയും ഒരുപോല തുണച്ച പിച്ച് ടെസ്റ്റിനെ എന്നെന്നും ഓര്‍മ്മിക്കുന്നതാക്കി.

കാണ്‍പൂരിലെ ടെസ്റ്റുകള്‍ വിരസ സമനിലയില്‍ കലാശിക്കുകയായിരുന്നു പതിവ്. അതല്ലെങ്കില്‍ സ്പിന്നര്‍മാരെ അനുകൂലിക്കുന്ന പിച്ചുകളാണ് കാണ്‍പൂരില്‍ ഒരുക്കാറുള്ളത്. ഇക്കുറി അതിലൊരു മാറ്റംവന്നതിലെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികളും.