ഐസിസി ടൂര്‍ണമെന്റുകളിലെ ധവാന്റെ റെക്കോഡ് അവഗണിക്കരുത്: ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

2023 ലോകകപ്പ് മുന്നില്‍ നില്‍ക്കെ രാഹുല്‍ ദ്രാവിഡിന്റെ പരീക്ഷണ നയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ബെഞ്ച് ശക്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്രാവിഡിന്റെ പ്ലാനുകള്‍ മികച്ചതാണെങ്കിലും ലോകകപ്പിന് രണ്ട് മാസം മാത്രം മുന്നില്‍ നില്‍ക്കെയുള്ള ഈ സമീപനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സാരമായി ബാധിച്ചേക്കുമെന്നാണ് പൊതുവേയുള്ള വിമര്‍ശനം.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പര പ്രയോജനപ്പെടുത്തുന്നതില്‍ സെലക്ടര്‍മാര്‍ പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സുനില്‍ ജോഷി പറഞ്ഞു. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും രണ്ടാം ഏകദിനത്തില്‍ വിശ്രമം നല്‍കി രാഹുല്‍ ദ്രാവിഡ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതിനെ ജോഷി ചോദ്യം ചെയ്തു.

ഒന്നാമതായി, ഈ ഏകദിന പരമ്പരയില്‍ യുവനിരയെ കളിപ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിച്ചതെങ്കില്‍ രോഹിതിനെയും വിരാടിനെയും പരമ്പരയിലേക്ക് തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു. രണ്ടാമതായി, വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിന് യോഗ്യത പോലും നേടിയിട്ടില്ല. അതുകൊണ്ട് രോഹിതും വിരാടും ഈ പരമ്പരയില്‍ കളിക്കുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. ഈ പരമ്പര അപ്രസക്തമാണ്.

അതിനാല്‍, അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മര്‍ദ്ദത്തെ കളിക്കാര്‍ എങ്ങനെ നേരിടുന്നുവെന്ന് കാണാന്‍ ഒരു യുവ ടീമിനെ അയയ്ക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചിന്തിക്കേണ്ടതായിരുന്നു. ഒരു യുവ ക്യാപ്റ്റനെ തിരിച്ചറിയാനുള്ള ഏറ്റവും നല്ല സമയമായിരുന്നിത്- സുനില്‍ ജോഷി പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ടീമിന്റെ റെഡാറില്‍നിന്ന് പുറത്തുള്ള ശിഖര്‍ ധവാന് വേണ്ടി ജോഷി വാദിച്ചു. ഐസിസി ടൂര്‍ണമെന്റുകളിലെ ധവാന്റെ റെക്കോര്‍ഡ് അവഗണിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശിഖര്‍ ധവാന്റെ നമ്പറുകള്‍ നോക്കൂ. ഏകദിന ഫോര്‍മാറ്റില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ അദ്ദേഹം എപ്പോഴും ഒരു മുതല്‍ക്കൂട്ടായിരിക്കും. ഐസിസി ടൂര്‍ണമെന്റുകളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും മികച്ച റെക്കോര്‍ഡും അവഗണിക്കരുത്.

ദേശീയ സെലക്ഷന്‍ കമ്മിറ്റിയുമായുള്ള എന്റെ ഭരണകാലത്ത്, വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ ബാക്കപ്പ് ഓപ്പണറായി ഞങ്ങള്‍ ധവാനെ എപ്പോഴും പിന്തുണയ്ക്കുമായിരുന്നു. അതുകൊണ്ടാണ് 2021 ല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്- ജോഷി കൂട്ടിച്ചേര്‍ത്തു.