'നിങ്ങള്‍ ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണെന്ന കാര്യം മറക്കരുത്'; കണക്കുകള്‍ നിരത്തി ഓര്‍മ്മപ്പെടുത്തലുമായി ഗവാസ്കര്‍

അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ശേഷമുള്ള വലിയ ഇടവേളയില്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം പാഴാക്കുന്നത് ഒഴിവാക്കാനും ഇന്ത്യന്‍ കളിക്കാരെ ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍. ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റിന്റെ ആധിപത്യ വിജയം നേടി അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. വെറും രണ്ടര ദിവസം മാത്രമാണ് ഈ മത്സരം നീണ്ടത്.

ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണെന്ന കാര്യം പൂര്‍ണമായും മറക്കുക. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ മൂന്നു മത്സരങ്ങളുള്ള പരമ്പരയായി കണക്കാക്കുക. പരിശീലന സെഷനുകള്‍ സുപ്രധാനമാണ്. ഈ ദിവസങ്ങളില്‍ വെറുതേ ഹോട്ടല്‍ മുറിയിലിരുന്ന് സമയം കളയരുത്. നിങ്ങള്‍ ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണെന്ന കാര്യം മറക്കരുത്.

ഒരു ദിവസം മുഴുവന്‍ പരിശീലനം നടത്തണമെന്നല്ല പറയുന്നത്. രാവിലെയോ ഉച്ചയ്ക്കു ശേഷമോ, നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു സെഷനില്‍ പരിശീലനം നടത്തുക. പക്ഷേ, ഈ ദിവസങ്ങളില്‍ മുറിയിലിരുന്ന് വെറുതേ സമയം കളയരുത്. ഈ മത്സരം അഞ്ച് ദിവസം നീണ്ടിരുന്നെങ്കില്‍ നിങ്ങള്‍ ഇവിടെ ടെസ്റ്റ് കളിക്കേണ്ടതായിരുന്നുവെന്ന് മറക്കരുത്.

ഇഷ്ടമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാമെന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ ശരിയല്ല. താല്‍പര്യമുള്ളവര്‍ പരിശീലനം നടത്തിയാല്‍ മതിയെന്ന തീരുമാനം കൈക്കൊള്ളേണ്ടത് പരിശീലകനും ക്യാപ്റ്റനുമായിരിക്കണം.

ക്രിക്കറ്റിനായി പൂര്‍ണമായി സമര്‍പ്പിച്ചിട്ടുള്ള ആളുകളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യം. ഇന്ത്യയ്ക്കായി കളിക്കുന്നത് ഒരേസമയം ബഹുമതിയും ആനുകൂല്യവുമാണ്. ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്ര ദിവസമുണ്ടായിരിക്കുമെന്ന് ഞാന്‍ കണക്കുകൂട്ടി നോക്കി. 57 ദിവസമാണ് അവര്‍ ഇവിടെയുണ്ടാവുക. ഈ 57 ദിവസത്തില്‍ അഞ്ച് ടെസ്റ്റുകള്‍ നടക്കുന്ന ദിവസങ്ങള്‍ ഒഴിവാക്കിയാലും 32 ദിവസം ബാക്കിയുണ്ട്.

രണ്ടു ദിവസം പരിശീലന മത്സരത്തിനെടുത്തത് ഒഴിവാക്കിയിട്ടും 30 ദിവസം ബാക്കിയാണ്. മാത്രമല്ല, കളി നേരത്തേ തീര്‍ന്നതുകൊണ്ട് പെര്‍ത്തില്‍ ഒരു ദിവസവും അഡ്‌ലെയ്ഡില്‍ രണ്ടു ദിവസവും വെറുതേ കിട്ടി. ഇത്രയും സമയം പാഴാക്കാതെ ദയവു ചെയ്ത് ഗ്രൗണ്ടില്‍ വന്ന് കഠിനായി പരിശീലിക്കുക- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.