ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല; നിര്‍ണായക പ്രഖ്യാപനവുമായി ബിസിസിഐ

ഓപ്പണര്‍ ശിഖര്‍ ധവാനേറ്റ പരിക്ക് ഇന്ത്യന്‍ ടീമിന് വമ്പന്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാനിന് കൈവിരലിന് പരിക്കേറ്റത്. എല്ലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്നു ആഴ്ച്ചത്തെ വിശ്രമമാണ് ധവാന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ധവാന്‍ പുറത്തായതോടെ ഇനിയാര് എന്ന ചര്‍ച്ച ചൂട് പിടിക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ.

ധവാന്‍ നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ധവാന്‍ നിലവില്‍ ബിസിസിഐ യുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും, അദ്ദേഹത്തിന്റെ പരിക്കില്‍ നിന്നുള്ള പുരോഗതി കൃത്യമായി ടീം മാനേജ്‌മെന്റ് നിരീക്ഷിക്കുമെന്നും ബിസിസിഐ അറിയിച്ചു. എന്നാല്‍ ധവാന് പകരം ആര് ടീമിലിടം നേടം എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധവാന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം കെഎല്‍ രാഹുലാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ നാലാം നമ്പരില്‍ ആര് കളിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ദിനേഷ് കാര്‍ത്തിക്കോ, വിജയ് ശങ്കറോ മധ്യനിരയില്‍ തിരിച്ചെത്തുമെന്നതാണ് ഒരു സാധ്യത. എന്നാല്‍ ഋഷഭ് പന്തും ടീമിനൊപ്പം ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.