ദക്ഷിണാഫ്രിക്കയെ കൈവിട്ട് ഡി കോക്ക്; കാരണം വിചിത്രം

ട്വന്റി20 ലോക കപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വിചിത്രമായ കാരണം പറഞ്ഞ്. വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണ് ഡി കോക്കിന്റെ പിന്മാറ്റം. വ്യക്തിപരമായ കാരണങ്ങളാലാണ് ഡി കോക്ക് കളിക്കാത്തതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വിന്‍ഡീസിനെതിരായ മത്സരത്തിന് മുന്‍പ്, കളത്തില്‍ മുട്ടുകുത്തിയിരുന്ന് വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിനോട് അനുഭാവം പ്രകടിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് നിര്‍ദേശിച്ചിരുന്നു. അതിലെ അതൃപ്തിയാണ് ഡി കോക്ക് ടീമില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് പറയപ്പെടുന്നു.

Read more

വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കായിക മത്സരങ്ങള്‍ക്കു മുന്‍പ് കളിക്കാര്‍ മുട്ടുകുത്തിയിരിക്കാറുണ്ട്. എന്നാല്‍ ഡി കോക്കിനെ പോലെ ചില താരങ്ങള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വര്‍ഷാദ്യം വിന്‍ഡീസിനതിരായ ടെസ്റ്റ് പരമ്പരയിലും ഡി കോക്ക് വര്‍ണവിവേചനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരു കാലത്ത് കടുത്ത വര്‍ണവിവേചനം നടമാടിയിരുന്ന ദക്ഷിണാഫ്രിക്ക തൊണ്ണൂറുകളിലാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.