നീലപ്പടയോട് സിറ്റിയുടെ പ്രതികാരം; രക്ഷകനായത് ജീസസ്

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലിലടക്കം അടുത്തിടെ ചെല്‍സിയോടേറ്റ തോല്‍വികള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പകരംവീട്ടി. പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് സിറ്റി ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസ് നേടിയ ഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്. ഇതോടെ ലീഗില്‍ ചെല്‍സിയുടെ വിജയ പ്രയാണത്തിന് തടയിടാനും പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചു.

ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആധികാരിക ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. പന്ത് കൈവശംവയ്ക്കുന്നതില്‍ മേല്‍ക്കൈ പുലര്‍ത്തിയ സിറ്റി ചെല്‍സിയെ പ്രതിരോധത്തിലാക്കി. ലോങ് ബോളുകളെയാണ് ചെല്‍സി കൂടുതല്‍ ആശ്രയിച്ചത്. എന്നാല്‍ ഒന്നാം പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു.

Read more

53-ാം മിനിറ്റില്‍ പെനല്‍റ്റി ഏരിയയ്ക്ക് അകത്തു നിന്ന് ജീസസ് തൊടുത്ത ഷോട്ട് ചെല്‍സി ഗോളിയെ കീഴടക്കി (1-0). പിന്നീടും ജീസസ് ഗോളിനടുത്തെത്തിയെങ്കിലും ചെല്‍സി ഡിഫന്‍സ് ചെറുത്തതോടെ സിറ്റിക്ക് ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.ജയത്തോടെ പോയിന്റ് ടേബിളില്‍ ചെല്‍സിയെ (3-ാംസ്ഥാനം) മറികടന്നത് സിറ്റി രണ്ടാമതെത്തി. ഇരു ടീമുകള്‍ക്കും 13 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസം സിറ്റിക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു.