കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ചഹാര്‍; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്റ്റാര്‍ പേസര്‍ ദീപക് ചഹാറിന് കളത്തില്‍ ഇന്ന് നല്ല ദിവസമായിരുന്നില്ല. പഞ്ചാബ് കിംഗ്‌സിനോട് ചഹാര്‍ ധാരാളം റണ്‍സ് വഴങ്ങി. എന്നാല്‍ ചഹാറിന്റെ വ്യക്തിജീവിത്തത്തില്‍ അവിസ്മരണീയ ദിവസമായി വ്യാഴാഴ്ച മാറി. ചഹാറിന്റെ വിവാഹാഭ്യര്‍ത്ഥന പ്രണയിനി സ്വീകരിച്ച ദിനമാണ് ഇന്ന്.

ദുബായിയിലെ ഗാലറിയില്‍ ദീപക് ചഹാറിന്റെ കാമുകിയും മത്സരം കാണാനെത്തിയിരുന്നു. പഞ്ചാബുമായുള്ള കളിക്കുശേഷം കാമുകിയെ നേരില്‍ കണ്ട ചഹാര്‍ മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. പ്രണയിനിയുടെ വിരലില്‍ മോതിരം അണിയിച്ചശേഷം ആലിംഗനം ചെയ്തു. ചഹാറിനെ പൂര്‍ണ മനസോടെ കാമുകി സ്വീകരിക്കുകയും ചെയ്തു.

കൈയടിയോടെയാണ് ചഹാറിന്റെ പ്രൊപ്പോസല്‍ സീനിനെ ഗാലറി എതിരേറ്റത്. ചഹാറും കാമുകിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.