ഏഷ്യാ കപ്പ് റദ്ദാക്കുന്നു?; പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍

പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പറയുന്നതിനിടയില്‍ ഏഷ്യാ കപ്പ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി). അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും അംഗരാജ്യങ്ങള്‍ക്ക് അയച്ചിട്ടില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ മത്സരങ്ങള്‍ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താം എന്നതിലുറച്ചു നില്‍ക്കുകയാണ് പിസിബി. പൂര്‍ണമായി വേദി മാറ്റുന്നതിനോട് പിസിബിയ്ക്ക് യോജിപ്പില്ല.

അതനുസരിച്ച് പാകിസ്ഥാന്‍ അവരുടെ മണ്ണില്‍ അവരുടെ മത്സരങ്ങള്‍ കളിക്കുന്നു, അതേസമയം ഇന്ത്യ അവരുടെ മത്സരങ്ങള്‍ ഒരു ന്യൂട്രല്‍ വേദിയില്‍ കളിക്കുന്നു. മിക്കവാറും ദുബായ് ആയിരിക്കും ഇന്ത്യയുടെ മത്സരങ്ങളുടെ വേദി.

യുഎഇയിലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് മുഴുവന്‍ ടൂര്‍ണമെന്റും മാറ്റണമെന്ന ഉദ്ദേശ്യമാണ് ബിസിസിഐയ്ക്കുള്ളത്.

ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റ് ആതിഥേയരായ 2018, 2022 പതിപ്പുകള്‍ ഈ മൂന്ന് വേദികളിലായിട്ടായിരുന്നു നടന്നത്. സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.