മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

മുതിർന്ന മേളകലാകാരൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. നാലര പതിറ്റാണ്ടു കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്ന അരവിന്ദാക്ഷ മാരാർ മേളപ്രേമികളുടെ പ്രിയങ്കരനായിരുന്നു. പൊതുദർശനം ഒല്ലൂർ എടക്കുന്നി പിആർ പടിയിലെ വസതിയിൽ നടക്കും. സംസ്കാരം ഇന്നു 4ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

തൃശൂർ പൂരത്തിൽ 13 വർഷം പാറമേക്കാവിലും പിന്നീട് 9 വർഷം തിരുവമ്പാടിയിലും തിരികെ പാറമേക്കാവിലും തുടർച്ചയായി 23 വർഷവും കൊട്ടിക്കയറിയ അദ്ഭുത പ്രതിഭയാണ് അരവിന്ദാക്ഷ മാരാർ. പ്രായാധിക്യം കൊണ്ടു കഴിഞ്ഞ 2 വർഷമായി അരവിന്ദാക്ഷ മാരാർ പൂരത്തിൽ പങ്കെടുത്തിരുന്നില്ല.

12–ാം വയസ്സിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച കേളത്ത്, പെരുവനം നടവഴിയിൽ പ്രഗൽഭർക്കൊപ്പം കൊട്ടിക്കയറിയാണു മുൻനിരയിലെത്തിയത്. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേള പ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷമാരാർ തൃശൂർ പൂരത്തിന് അരങ്ങേറ്റം കുറിച്ചത്.