ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോയും വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ ലക്കി ഡ്രോ ഉള്‍പ്പെടുന്ന ബോച്ചെ ടീ വാങ്ങാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരിലാണ് ചായപ്പൊടിയ്‌ക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്തത്. സംഭവത്തില്‍ ലോട്ടറി റെഗുലേഷന്‍ ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ലോട്ടറി റെഗുലേഷന്‍ ആക്ടിന്റെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധ ലോട്ടറി വില്‍പ്പന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദിവസേനയുള്ള നറുക്കെടുപ്പും സമ്മാന വിതരണവും സര്‍ക്കരിന്റെ ലോട്ടറി വില്‍പ്പനയ്ക്ക് നഷ്ടമുണ്ടാക്കുന്നതായും എഫ്‌ഐആറിലുണ്ട്. ബോച്ചെ ടീ ലക്കി ഡ്രോയ്‌ക്കൊപ്പം വില്‍പ്പനയ്‌ക്കെത്തിയതോടെ വലിയ ജനപ്രീതി നേടിയിരുന്നു.

ചായപ്പൊടിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും പ്രചരണാര്‍ത്ഥം എന്ന പേരിലും ചായപ്പൊടിയ്‌ക്കൊപ്പം അനധികൃതമായി ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് ബോച്ചെ ഭൂമിപത്രയ്‌ക്കെതിരെ എഫ്‌ഐആറിലെ പ്രധാന ആരോപണം. എന്നാല്‍ തന്റെ സംരംഭം ഉത്പന്നത്തിന്റെ പ്രചരണാര്‍ത്ഥമാണ് സമ്മാനക്കൂപ്പണ്‍ ഉള്‍പ്പെടുത്തിയതെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം.

Read more

അതേസമയം ബോച്ചെ ടീയുടെ ഓണ്‍ലൈന്‍ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന കണ്ടെത്തലില്‍ ലോട്ടറി ഡയറക്ടറേറ്റും പരിശോധന ആരംഭിച്ചു.