ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ടര്‍മാര്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടൂര്‍ണമെന്റിലേക്ക് മുന്‍ അന്താരാഷ്ട്ര പരിചയമില്ലാത്ത കളിക്കാരെ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ല. സ്‌ക്വാഡ് ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു. സെലക്ടര്‍മാരും ഇന്ത്യന്‍ മാനേജ്മെന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിക്കില്ലെന്നാണ് അറിയുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു തീര്‍ച്ചയായും വേണമെന്ന അഭിപ്രായമാണ് സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുള്ളത്. പക്ഷെ ടീം മാനേജ്മെന്റ് ഇതിനോടു യോജിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനേക്കാള്‍ ഇന്ത്യക്കു ആവശ്യം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പറെയാണെന്നാണ് ടീം മാനേജ്മെന്റിന്റെ അഭിപ്രായം. അതിനാല്‍ ഈ റോളിലേക്കു ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാളെയാണ് ടീം മാനേജ്മെന്റിനു താല്‍പ്പര്യം.

ഐപിഎല്ലിലെ ഗംഭീര പ്രകട്നം വിലയിരുത്തുമ്പോള്‍ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു തന്നെയാണ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി വരേണ്ടത്. പക്ഷേ ഇടംകൈയന്‍ ബാറ്ററാണ് എന്നുള്ളത് ഋഷഭ് പന്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.