തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ ഉടമയായ മാര്‍ത്താണ്ഡം സ്വദേശിനി ഷീലയെയാണ് സ്ഥാപനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ഷീലയുടെ സ്ഥാപനത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിട ഉടമയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമ തമ്പാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Read more

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാര്‍ലര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷീല ബ്യൂട്ടി പാര്‍ലര്‍ നടത്തിവരുകയായിരുന്നു. ഇവരുടെ ബന്ധുക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.