ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനിരിക്കുകയാണ്. പുതിയ പരിശീലകനായുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചതിന് പിന്നാലെ പുതിയപരിശീലകന്‍ ആരായിരിക്കണമെന്ന ചര്‍ച്ചകളും ചൂടുപിടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ എംഎസ് ധോണിയുടെ പേര് പരിശീലക റോളിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ പരിശീലകനാകാന്‍ ധോണിയ്ക്ക് മുന്നില്‍ തടസ്സങ്ങള്‍ ഏറെയുണ്ട്.
ഒന്നാമത്തെ കാരണം നിലവില്‍ അദ്ദേഹം സിഎസ്‌കെയ്ക്കായി ഐപിഎല്‍ കളിക്കുന്നുണ്ടെന്നതാണ്. ഈ സീസണോടെ താരം ഐപിഎലില്‍നിന്ന് വിരമിച്ചാലും സിഎസ്‌കെയ്ക്ക് ഒപ്പം പരിശീലക റോളില്‍ തുടരാനാണ് സാധ്യത. ബിസിസി ഐയുടെ നിയമപ്രകാരം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ചുമതലകളിലേക്ക് എത്താന്‍ സാധിക്കില്ല. അല്ലെങ്കില്‍ ധോണിയ്ക്ക് ചെന്നൈയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരും.
മറ്റൊന്ന് ധോണിയുടെ പടര്‍ന്നു കിടക്കുന്ന ബിസ്‌നസ് സാമ്പ്രാജ്യമാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയാല്‍ മുഴുവന്‍ സമയവും ടീമിനൊപ്പം തുടരേണ്ടതായി വരും. നിരവധി ബിസിനസ് ഇതിനോടകം ധോണിയുടെ പേരിലുണ്ട് എന്നതിനാല്‍ ഇതിന്റെയെല്ലാം നടത്തിപ്പിന് ധോണിക്ക് സമയം ആവശ്യമാണ്.
ധോണിയ്ക്ക് പുറമേ ഗൗതം ഗംഭീറിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനും സാധ്യത കുറവാണ്. കാരണം ഗംഭീര്‍ നിലവില്‍ കെകെആറിന്റെ ഉപദേഷ്ടാവാണ്. ഇന്ത്യയുടെ പരിശീലകസ്ഥാനത്തിന് അപേക്ഷിക്കാന്‍ ഗംഭീറിന് കെകെആര്‍ വിടേണ്ടിവരും. സൗരവ് ഗാംഗുലി, ആശിഷ് നെഹ്‌റ എന്നിവരുടെ കാര്യത്തിലും സമാന സാഹചര്യമാണ് ഉള്ളത്.