രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ നായകനായി പരിഗണനയിലുണ്ടായിരുന്നത് ശ്രേയസ് അയ്യരായിരുന്നെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി കണ്ടുവച്ചിരുന്ന താരമാണ് ശ്രേയസെന്നും ഇതിനായി താരത്തെ തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നതായും പ്രസാദ് വെളിപ്പെടുത്തി.

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെയല്ല ശ്രേയസ് അയ്യരെയാണ് ക്യാപ്റ്റനായി ഞങ്ങള്‍ വളര്‍ത്തിയെടുത്തത്. ഒരു സിസ്റ്റത്തിലൂടെ കടന്നുവന്നിട്ടുള്ളയാളാണ് അവന്‍. കോഹ്‌ലി, രോഹിത് എന്നിവര്‍ക്കു ശേഷം അടുത്ത ക്യാപ്റ്റന്‍ ആരാവണമെന്നുള്ള ചര്‍ച്ചകളില്‍ റിഷഭ് പന്തിനേക്കാള്‍ മുകളിലായിരുന്നു ശ്രേയസ്.

ഞങ്ങള്‍ ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചുകൊണ്ടിരുന്നത് ശ്രേയസ് അയ്യരാണ്. ഞങ്ങളുടെ കാലത്തു ഇന്ത്യന്‍ എ ടീം കളിച്ച 10 പരമ്പരകളില്‍ എട്ടിലും നമ്മള്‍ വിജയിക്കുകയും ചെയ്തു. ഭൂരിഭാഗം പരമ്പരകളിലും ഇന്ത്യന്‍ എ ടീമിനെ നയിച്ചത് ശ്രേയസാണ്. ക്യാപ്റ്റനായി അവന്‍ ഈ സമയത്തെല്ലാം ടീമിനു ചുറ്റും തന്നെയുണ്ടായിരുന്നു.

ക്യാപ്റ്റന്റെ ആ പ്രത്യേക സ്ലോട്ടിലേക്കണ് അവനെ വളര്‍ത്തിക്കൊണ്ടു വന്നത്. വിരാട്, രോഹിത് എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരാള്‍ വേണമെന്നു ഞങ്ങള്‍ക്കു തോന്നി. അങ്ങനെയണ് ഞങ്ങള്‍ ശ്രേയസ്, റിഷഭ് എന്നിവരെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ തുടങ്ങിയത്. പക്ഷെ ക്യാപ്റ്റന്റെ റോളിലേക്കു പന്തിനേക്കാള്‍ മുകളിലായിരുന്നു ശ്രേയസ്- പ്രസാദ് വ്യക്തമാക്കി.