ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ സസ‍്‍പെൻഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാർച്ചിൽ സോനിപതിൽ വെച്ച് നടന്ന ട്രയൽസിൽ നാഡയ്ക്ക് യൂറിൻ സാമ്പിൾ നൽകാൻ ബജ്‌റംഗ് പൂനിയ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവു കൂടിയ ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷന്റെ കലാവധി അവസാനിക്കുന്നതുവരെ താരത്തിന് ട്രയൽസിലോ ടൂർണമെന്റുകളിലോ പങ്കെടുക്കാൻ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് പൂനിയയോടാണ് നാഡ സാമ്പിൾ ആവശ്യപ്പെട്ടിരുന്നത്. രോഹിതിനോട് പരാജയപ്പെട്ട് പുറത്തായതോടെ സ്പോ‌ർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററിൽ നിന്ന് ബജ്റംഗ് മടങ്ങുകയായിരുന്നു. മൂന്ന്, നാല് സ്ഥാനത്തിനായുള്ള മത്സരത്തിന് പോലും കാത്തുനിൽക്കാൻ ബജ്‍റംഗ് തയാറായിരുന്നില്ല. നാഡ സാമ്പിൾ ശേഖരിക്കുന്നതിനായ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

ആരോപണങ്ങൾ തെളിയുകയാണെങ്കിൽ ഒളിമ്പിക്സിനുള്ള ട്രയൽസിലും ബജ്‌റംഗിന് പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അഡ് ഹോക് പാനെൽ നടത്തിയ ട്രയൽസിൽ തയാറെടുക്കുന്നതിനായി റഷ്യയിൽ പോയി ബജ്റംഗ് പരിശീലനം നടത്തിയിരുന്നു. ഇന്ത്യയിൽ വെച്ച് നടന്ന യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും മേയ് 31ന് നടക്കാനിരിക്കുന്ന വേൾഡ് ക്വാളിഫയേഴ്‌സിൽ പങ്കെടുക്കാൻ ബജ്റംഗിന് ക്ഷണം ലഭിച്ചേക്കാം.