'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിനിരിക്കെ മലയാളി താരം സഞ്ജു സാംസണിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ടി20 ലോകകപ്പില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്ന് അഭിപ്രായപ്പെട്ട റെയ്‌ന രോഹിത് ശര്‍മയ്ക്കു ശേഷം ടി20 ടീമിന്റെ നായകനാകാനുള്ള സഞ്ജുവിനുണ്ടെന്നും അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് സഞ്ജുവിനാണ്. അവന്റെ പക്കല്‍ ഒരുപാട് വൈവിധ്യമാര്‍ന്ന ഷോട്ടുകളുണ്ട്. ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടാവാനും സഞ്ജുവിനു സാധിക്കും.

കൂടാതെ ക്യാപ്റ്റന്‍ റോളിലേക്കും അനുയോജ്യനാണ് അദ്ദേഹം. രോഹിത് ശര്‍മയ്ക്കു ശേഷം തീര്‍ച്ചയായും ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിനു കഴിയും- റെയ്ന വ്യക്തമാക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മേയ് ഒന്നിനകം പ്രഖ്യാപിക്കും.