ബുംറയോ, ഷഹീനോ? മികച്ചത് ആര്?; തിരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടമെത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഷഹീന്‍ അഫ്രീദി-ജസ്പ്രീത് ബുംറ എന്നീ രണ്ട് പേസര്‍മാരിലേക്കാവും. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഷഹീന്‍-ബുംറ എന്നിവരില്‍ ആരാവും കൂടുതല്‍ ശോഭിക്കുകയെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

‘എങ്ങനെയാണ് ഈ രണ്ട് താരങ്ങളേയും വേര്‍തിരിക്കുക? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക ക്രിക്കറ്റില്‍ മികച്ച ബോളിംഗ് പ്രകടനം നടത്തുന്ന രണ്ട് ബോളര്‍മാരാണവര്‍. ഇവരില്‍ ആര് കൂടുതല്‍ തിളങ്ങുമെന്ന് ചോദിച്ചാല്‍ അനുഭവസമ്പത്തിനൊപ്പമാവും ഞാന്‍ പോവുക.’

‘ബുംറയാവും തിളങ്ങുക. ഓസ്ട്രേലിയയില്‍ ഷഹീനെക്കാള്‍ കൂടുതല്‍ അനുഭവസമ്പത്ത് ബുംറക്കുണ്ട്. വലിയ ടൂര്‍ണമെന്റുകള്‍ ഓസ്ട്രേലിയയില്‍ കളിച്ച ആത്മവിശ്വാസവും ബുംറക്കാണ്’ പോണ്ടിംഗ് പറഞ്ഞു.

ലോകകപ്പിന് വേദി ഓസ്ട്രേലിയയായതിനാല്‍ത്തന്നെ പേസ് ബോളര്‍മാര്‍ക്കാവും കൂടുതല്‍ മുന്‍തൂക്കം. പേസും ബൗണ്‍സും തുണക്കുന്ന പിച്ചില്‍ പേസ് ബോളര്‍മാരുടെ കരുത്തില്‍ വിജയം പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് ടീമുകള്‍.